മുംബൈ/ന്യൂഡൽഹി: മഹാരാഷ്ട്ര ബി.ജെ.പി മുൻ വക്താവും പാർട്ടി മുംബൈ ഐ.ടി സെൽ മുൻ മേധാവിയുമായ ആരതി സാഠെയെ ബോംബെ ഹൈകോടതി ജഡ്ജിയാക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ വിവാദത്തിൽ. 2023 ഫെബ്രുവരി മുതൽ 2024 ജനുവരി വരെയാണ് ആരതി സാഠെ പാർട്ടി പദവികൾ വഹിച്ചത്. പിന്നീട് രാജിവെച്ചു. പാർട്ടി അംഗത്വവും ഉപേക്ഷിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. അജിത് ഭഗ്വൻ റാവു കഡെതങ്കർ, സുഷീൽ മനോഹർ ഘോടേശ്വർ എന്നിവർക്കൊപ്പം ആരതിയെയും ജഡ്ജിയാക്കാനാണ് ശിപാർശ.
ഇതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം രംഗത്തുവന്നു. ലജ്ജയില്ലായ്മയുടെ അങ്ങേയറ്റമെന്നും ജനാധിപത്യത്തിന് നേരെയുള്ള ബി.ജെ.പിയുടെ ക്രൂരപരിഹാസമെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്. രണ്ട് പതിറ്റാണ്ടായി അഭിഭാഷകയായ ആരതി നികുതി, ഓഹരി വിപണി, വൈവാഹിക കേസുകളിലാണ് ശ്രദ്ധേയ. പിതാവ് അരുൺ സാഠെ അഭിഭാഷകനാണ്. ഒന്നര വർഷമായി ആരതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
വിഷയം പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, ആരതി തന്റെ പാർട്ടി അംഗത്വം ഒന്നരവർഷം മുമ്പ് അവസാനിപ്പിച്ചെന്നും ഇപ്പോള്‍ അവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് ബി.ജെ.പി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.