പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തു; ഓപറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെയും വധിച്ചു -അമിത് ഷാ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കശ്മീരിൽ സുരക്ഷാസേന നടത്തിയ ഓപറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരും ഏപ്രിൽ 22ന് പഹൽഗാമിൽ ആക്രമണം നടത്തിയവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. പാർലമെന്‍റിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിലാണ് കൊല്ലപ്പെട്ടത് ലശ്കർ ഭീകരരാണെന്ന് മന്ത്രി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ഭീകരരുടെ പാകിസ്താൻ ബന്ധം വ്യക്തമാക്കുന്ന വോട്ടർ ഐ.ഡിയും ചോക്ലേറ്റുമുൾപ്പെടെ കണ്ടെത്തിയെന്നും അമിത് ഷാ പറഞ്ഞു.

“ബൈസരൻ താഴ്വരയിൽ നിരപരാധികളായ സാധാരണക്കാരെ അവരുടെ മതംചോദിച്ച് ബന്ധുക്കൾക്ക് മുമ്പിൽ കൊലപ്പെടുത്തി. അന്നത്തെ ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെയും കരസേനയും സി.ആർ.പി.എഫും ജമ്മുകശ്മീർ പൊലീസും ചേർന്നു നടത്തിയ സംയുക്ത ദൗത്യത്തിൽ വധിച്ചു. ലശ്കർ കമാൻഡർ സുലൈമാൻ ഷാ, അഫ്ഗാൻ, ജിബ്രാൻ എന്നിവരെ, ആക്രമണത്തിനു ശേഷം അവർക്ക് അഭയം നൽകിയവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് സഹായം നൽകിയവരെ നേരത്തെ പിടികൂടിയിട്ടുണ്ട്. ഭീകരരുടെ മൃതദേഹം ശ്രീനഗറിൽ എത്തിച്ചാണ് തിരിച്ചറിഞ്ഞത്.

പഹൽഗാം ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭീകരരെ പിടികൂടാൻ പദ്ധതിയൊരുക്കി. അവർ രാജ്യംവിട്ട് പോകാതിരിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. ദച്ചിഗാം വനമേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി മേയ് 22ന് രഹസ്യ വിവരം ലഭിച്ചു. പിന്നാലെ സുരക്ഷാസേന പട്രോളിങ് ശക്തമാക്കി. ജൂലൈ 22ന് ഭീകരരെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചു. എല്ലാം സ്ഥിരീകരിച്ച ശേഷമാണ് മാധ്യമങ്ങളെ വിവരമറിയിച്ചത്. പഹൽഗാമിൽ ആക്രമണം നടത്തിയ റൈഫിളുകളും ഇരുപതോളം ഗ്രനേഡുകളും ഭീകരർ ഒളിച്ചുതാമസിച്ച ഇടത്തുനിന്ന് കണ്ടെടുത്തു” -അമിത് ഷാ പറഞ്ഞു.

ഭീകരർക്ക് സഹായം നൽകിയെന്ന് കാണിച്ച് കശ്മീർ സ്വദേശികളായ പർവെയ്സ് അഹ്മദ്, ബഷീർ അഹ്മദ് എന്നിവരെ കഴിഞ്ഞ മാസം എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ഭീകരരെ തിരിച്ചറിഞ്ഞത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ സൈനിക ദൗത്യം നടപ്പാക്കി. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലായി നൂറിലേറെ ഭീകരരെ സൈന്യം വധിച്ചു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. നിരവധി സൈനികരെ പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമാക്കി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് തിരച്ചിൽ നടത്തുകയായിരുന്ന സൈന്യം ഭീകരരെ കണ്ടെത്തിയത്. ഇതോടെ ഏറ്റുമുട്ടൽ നടക്കുകയും ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.

Tags:    
News Summary - Pahalgam attack avenged, all 3 terrorists killed in Op Mahadev: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.