ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പാകിസ്താൻ വിമാനങ്ങൾക്കെതിരെ ഇന്ത്യ ചുമത്തിയ വിലക്കും വരും ദിവസങ്ങളിൽ നീട്ടിയേക്കും. പാകിസ്താൻ വ്യോമ മേഖല അടച്ചിരിക്കുന്നത് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യ, പാകിസ്താൻ സർക്കാരുകളുടെയും കമ്പനികളുടെയും വിമാനങ്ങളാണ് പരസ്പരം വിലക്കിയിരിക്കുന്നത്.
ഇന്ത്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് വ്യോമപാത അടച്ച നടപടിയിൽ പാകിസ്താന് 1240 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാറിൽ നിന്ന് പിൻമാറിയിരുന്നു. ഇതിന് പ്രതികാരമായാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമയാന പാതയിൽ വിലക്കേർപ്പെടുത്തിയത്.
ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. വ്യോമ പാത അടച്ചതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള പാകിസ്താൻ ഏവിയേഷന്‍റെ വരുമാനം കുത്തനെ ഇടിഞ്ഞു. സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് അംഗീകരിച്ച പാകിസ്താൻ പ്രതിരോധ മന്ത്രാലയം സാമ്പത്തിക നേട്ടത്തെക്കാൾ രാജ്യത്തിന്‍റെ പരാമധികാരത്തിനും പ്രതിരോധത്തിനുമാണ് മുൻഗണന എന്ന് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.