പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി. നദ്ദ, കോൺഗ്രസ് എം.പി ജയറാം രമേശ്, ആർ.എസ്.പി എംപി എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പുറത്തേക്ക് വരുന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും അടക്കം പാർലമെന്റിൽ പ്രതിപക്ഷം ആവശ്യപ്പെടുന്ന ഏത് ചർച്ചക്കും സന്നദ്ധമാണെന്ന് കേന്ദ്ര സർക്കാർ. അഞ്ച് യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്നും വ്യാപാര കരാറിനെ മുൻനിർത്തി ഇന്ത്യ- പാക് വെടിനിർത്തലുണ്ടാക്കിയത് താനാണെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന അടക്കമുള്ള വിഷയങ്ങളിൽ മറുപടി നൽകുമെന്നും കേന്ദ്ര സർക്കാർ സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ സർവകക്ഷി യോഗത്തിൽ അധ്യക്ഷതവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സർവകക്ഷി യോഗത്തിനെത്തിയില്ല.
പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ബിഹാർ വോട്ടർ പട്ടിക പരിശോധന പ്രതിപക്ഷം വലിയ വിവാദമാക്കുകയും ചെയ്തതിനിടയിലാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങുന്നത്. പഹൽഗാം- ഓപറേഷൻ സിന്ദൂർ ചർച്ച വേണമെന്ന് ഭരണപക്ഷത്തുനിന്ന് ശിവസേന അടക്കമുള്ളവരും ആവശ്യപ്പെട്ടു. പ്രതിപക്ഷവുമായി ഏകോപനത്തിൽ വർഷകാല സമ്മേളനം സുഗമമായി നടത്തുമെന്നും ട്രംപിന്റെ അവകാശവാദങ്ങൾക്കടക്കം ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു.
അഞ്ച് യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്നും വ്യാപാര കരാറിനെ മുൻനിർത്തി ഇന്ത്യ- പാക് വെടി നിർത്തൽ സാധ്യമാക്കിയെന്നുമുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഇൻഡ്യ നേതാക്കൾക്ക് പുറമെ സഖ്യത്തിന് പുറത്തായ ആം ആദ്മി പാർട്ടിയെ പ്രതിനിധീകരിച്ച സഞ്ജയ് സിങ്ങും ആവശ്യപ്പെട്ടു. ബിഹാറിലെ വോട്ടർപട്ടിക തീവ്ര പരിശോധനയാണ് പ്രതിപക്ഷം ഉന്നയിച്ച രണ്ടാമത്തെ വിഷയം.
വോട്ടർപട്ടിക തീവ്ര പരിശോധനയുടെ പേരിൽ ബിഹാറിൽ നടക്കുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എവിടെയാണോ ചേരി അവിടെ വാസസ്ഥലം നൽകുമെന്ന വാഗ്ദാനം നൽകി ഉത്തർപ്രദേശ്, ബിഹാർ, പൂർവാഞ്ചൽ ഭാഗങ്ങളിൽനിന്നുള്ളവരെയും മദിരാശി കോളനിയിലുള്ളവരെയും വഞ്ചിച്ച് കുടിയൊഴിപ്പിച്ച് വാസസ്ഥലങ്ങൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തിയത് ആപ് ഉന്നയിച്ചപ്പോൾ അസമിലും ഗുജറാത്തിലും മുസ്ലിം വീടുകൾ തേടിപ്പിടിച്ച് ഇടിച്ചുനിരത്തിയത് മുസ്ലിം ലീഗ് എം.പി ഹാരിസ് ബീരാനും യോഗത്തിൽ ഉന്നയിച്ചു.
കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അർജുൻറാം മേഘ് വാള്, എൽ. മുരുകൻ, രാംദാസ് അത്താവാലെ, അനുപ്രിയ പട്ടേൽ, എ.ഐ.എ.ഡി.എം.കെ നേതാവ് തമ്പി ദുരൈ, കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, ഗൗരവ് ഗോഗോയ്, പ്രമോദ് തിവാരി, ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് മവ മാജി, ഡി.എം.കെ നേതാവ് ടി.ആർ. ബാലു. എൻ.സി.പി ശരത് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് എന്നിവർക്കൊപ്പം കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, സി.പി.എം നേതാക്കളായ കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, സി.പി.ഐ എം.പി സന്തോഷ് കുമാർ, മുസ്ലിം ലീഗ് എം.പി ഹാരിസ് ബീരാൻ, രണ്ട് കേരള കോൺഗ്രസുകളുടെ എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് എന്നിവർ കേരളത്തിൽനിന്ന് സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.