രാഹുൽ ഗാന്ധി
പട്ന: ജീപ്പിൽ കയറി കറുത്തകൊടി കെട്ടാനൊരുങ്ങിയ യുവമോർച്ച പ്രതിഷേധക്കാർക്ക് മിഠായി നീട്ടി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർ അധികാർ യാത്രക്കിടെ ബിഹാറിലെ ദർബംഗയിലാണ് സംഭവം. രാഹുൽ ഗാന്ധിക്ക് നേരത്തെ കറുത്ത കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർ വാഹനത്തിലേക്ക് അതിക്രമിച്ച് കയറി കറുത്ത കൊടി കെട്ടാനും ശ്രമിച്ചു. ഇതിനിടെ അവർക്ക് രാഹുൽ ഗാന്ധി മിഠായി നീട്ടുകയായിരുന്നു. പൊലീസ് യുവമോർച്ച പ്രവർത്തകരെ മാറ്റിയതിനാൽ സംഘർഷസാധ്യത ഒഴിവായി.
നേരത്തെ വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പട്നയിലെ കോൺഗ്രസ് ഓഫിസ് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ പ്രകടനമായി കോൺഗ്രസ് ഓഫിസിലേക്ക് എത്തിയത്. ഓഫിസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന ബി.ജെ.പി പ്രവർത്തകർ അവിടെയുണ്ടായിരുന്നവരെ മർദിക്കുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് തിരിച്ചടിച്ചതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും വടികളും കല്ലുമായി ഏറെനേരം ഏറ്റുമുട്ടി.
സത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും സത്യം വിജയിക്കുമെന്നും ബി.ജെ.പി ആക്രമണത്തിന് പിന്നാലെ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. റാലിയിലേക്ക് ബി.ജെ.പി ഏജന്റുമാർ നുഴഞ്ഞുകയറിയാണ് മോദിക്കെതിരെ മോശം പദങ്ങൾ ഉപയോഗിച്ചതെന്നും വൻ വിജയമായ യാത്ര തകർക്കാനുള്ള അവരുടെ തന്ത്രമാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
അതേസമയം, ബിഹാറിൽ നാന്ദി കുറിച്ച വോട്ടർ അവകാശ യാത്ര രാജ്യമെമ്പാടും വ്യാപിക്കാൻ പോകുകയാണെന്നും യാത്രയോടനുബന്ധിച്ച് ആറയിൽ സംഘടിപ്പ റാലിയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഒരു മുദ്രാവാക്യം ലോകത്തെ മുഴുവൻ കേൾപ്പിച്ച് വിപ്ലവം ബീഹാറിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ബീഹാറിലെ ജനങ്ങൾ ഒരിക്കൽ കുടി കാണിച്ചുതന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.