ഉത്തരകാശി: തുടർച്ചയായ മഴ വീണ്ടും വെല്ലുവിളി ഉയർത്തുന്നതിനിടെ, ഉത്തരഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ ബുധനാഴ്ച ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150 പേരെ രക്ഷപ്പെടുത്തി. മൊത്തം 413 പേരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ ധരാലിയിലെ നിരവധി വീടുകളും കാറുകളും ഒഴുകിപ്പോയി.
നൂറിലധികം പേരെ കാണാതായിട്ടുണ്ടെന്ന് എൻ.ഡി.ആർ.എഫ് ഡി.ഐ.ജി മൊഹ്സെൻ ഷഹേദി ഡൽഹിയിൽ അറിയിച്ചു. ഹർസിലിലെ സമീപ ക്യാമ്പിൽ നിന്നുള്ള പതിനൊന്ന് സൈനികർ കാണാതായവരിൽപെടുന്നു. ധരാലിയുടെ പകുതിയോളം ഭാഗം ചളിയും അവശിഷ്ടങ്ങളും വെള്ളവും നിറഞ്ഞു.
ഓപറേഷൻ ശിവാലിക് എന്നാണ് രക്ഷാദൗത്യത്തിന്റെ വിളിപ്പേര്. അഞ്ച് സംഘങ്ങളായി 130 ജവാന്മാർ ധരാലിയിലുണ്ട്. 100 ജവാന്മാർകൂടി ഉടനെത്തും. നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി ഇന്തോ തിബത്തൻ ബോർഡർ പൊലീസ് വക്താവ് കമലേഷ് കമൽ അറിയിച്ചു.
28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. ഗംഗോത്രിയിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകളും ഹോം സ്റ്റേകളും ഇവിടെയാണ്.
രക്ഷാപ്രവർത്തനത്തിന് മൂന്ന് സംഘങ്ങൾ ധരാലിയിലേക്ക് പോകുന്നുണ്ടെങ്കിലും തുടർച്ചയായ മണ്ണിടിച്ചിൽ ഋഷികേശ്-ഉത്തർകാശി ഹൈവേ തടസ്സപ്പെടുത്തിയതിനാൽ അവിടെ എത്താൻ കഴിയുന്നില്ലെന്ന് എൻ.ഡി.ആർ.എഫ് ഡി.ഐ.ജി പറഞ്ഞു. ഡെറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി. സാധാരണ അഞ്ച് മണിക്കൂർ യാത്ര വേണം. കരസേന, ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ് എന്നിവയുടെ സംഘങ്ങൾ ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
തൃപ്പൂണിത്തുറ: ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയവരിൽ കൊച്ചിയിൽനിന്ന് ടൂർ പാക്കേജിലുണ്ടായിരുന്ന ദമ്പതികളായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗർ ശ്രീനാരായണീയത്തിൽ നാരായണൻ നായർ (67), ശ്രീദേവി പിള്ള (62) എന്നിവർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ഇവരുടെ പുണെയിൽ ജോലി ചെയ്യുന്ന മകൻ ശ്രീരാമാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് ടൂർ പാക്കേജിൽ പോയിരുന്ന മലയാളി കുടുംബങ്ങളുടെ ബന്ധുക്കളും അയൽവാസികളും ആശങ്കയിലായത്. 28 മലയാളികളാണ് വിനോദയാത്ര പോയത്. ഇതിൽ 20 മുംബൈ മലയാളികളും എട്ടുപേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു.
അപകടമറിഞ്ഞ് നാരായണൻ നായരുടെയും ശ്രീദേവി പിള്ളയുടെയും ബന്ധുക്കളും അയൽവാസികളും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ ആശങ്കയേറി. ബന്ധുക്കളുടെ ഒരുദിവസത്തെ ആശങ്കക്ക് വിരാമമിട്ടാണ് ശ്രീരാമിന്റെ മെസേജ് എത്തിയത്. ഉടനെ ശ്രീരാമിനെ വിളിച്ച് വിവരം ഉറപ്പിക്കുകയായിരുന്നുവെന്ന് അയൽവാസി ശോഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.