ധനമന്ത്രി നിർമല സീതാരാമൻ

ജി.എസ്.ടി നിരക്ക് ഏകീകരണത്തിന്റെ ഗുണം 140 കോടി ജനങ്ങളിലേക്കും എത്തും; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു -നിർമല സീതാരാമൻ

ന്യൂഡൽഹി: ജി.എസ്.ടിയുടെ പേരിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടിയിൽ നാലു നികുതി സ്‍ലാബുകൾ നിലനിർത്തുക എന്നത് ബി.ജെ.പിയുടെ തീരുമാനമല്ലെന്നും സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ എംപവേഡ് കമ്മിറ്റിയാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. നേരത്തേ ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ഉണ്ടായിരുന്നത്. പരിഷ്‍കരണത്തിന്റെ ഭാഗമായി അതിപ്പോൾ രണ്ടായി ചുരുക്കിയിരിക്കുകയാണ്.

സ്ലാബുകൾ അഞ്ചുശതമാനവും 18 ശതമാനവുമായി പരിമിതപ്പെടുത്തിയാണ് ജി.എസ്.ടി കൗൺസിൽ നിരക്ക് പരിഷ്‍കരണത്തിന് അംഗീകാരം നൽകിയത്. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉൽപ്പന്നങ്ങളും അഞ്ച് ശതമാനത്തിലായി. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനവും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി.

കൗൺസിൽ നിലവിലുള്ള നാല് സ്ലാബുകൾ (5, 12, 18, 28 ) 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നിരക്കുകളാക്കി കുറച്ചു. സെപ്റ്റംബർ 22നാണ് ഇത് പ്രാബല്യത്തിൽ വരിക.

ജനങ്ങളുടെ ക്ഷേമം കൂടി ലക്ഷ്യമിട്ടാണ് ഇപ്പോൾ ജി.എസ്.ടി പരിഷ്‍കരണം കൊണ്ടുവന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. ജി.എസ്.ടി നിരക്ക് ഏകീകൃതമാക്കിയത് എല്ലാ കുടുംബങ്ങൾക്കും ഗുണം ചെയ്യുമെന്നും സമ്പദ്‍വ്യവസ്ഥയിലെ ഉപഭോഗം വർധിപ്പിക്കുമെന്നും നിർമല സീതാരാമൻ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

140 കോടി ജനങ്ങളിലേക്കും ജി.എസ്.ടി പരിഷ്‍കരണത്തിന്റെ ഗുണം എത്തും. ജി.എസ്.ടി തൊട്ടുപോകാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. ദരിദ്രരിൽ ദരിദ്രരായാലും അവർ വാങ്ങുന്ന എന്തെങ്കിലും ചില സാധനങ്ങളുണ്ടെന്നും വിലനിയന്ത്രണം ഏർപ്പെടുത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sitharaman slams Oppn for misleading claims on GST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.