ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന ലജ്ജാകരമായ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി. ഗസ്സയിലെ ജനതക്ക് അനുകൂലമായി ഇന്ത്യ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍റെ നടപടി അപരിഷ്കൃതവും വംശഹത്യയുമാണ്. ഗസ്സ വിഷയത്തിൽ പ്രധാനമന്ത്രിക്ക് വ്യക്തമായ നിലപാട് ഇല്ലാത്തത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള ഭീരുത്വപരമായ വഞ്ചനയാണെന്നും സോണിയ കുറ്റപ്പെടുത്തി. തിങ്കളാഴ്ച ഹിന്ദി ദിനപത്രമായ ‘ദൈനിക് ജഗരണി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോദിയെയും കേന്ദ്ര സർക്കാറിനെയും സോണിയ കടന്നാക്രമിക്കുന്നത്. 1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പി.എൽ.ഒ) അംഗീകരിക്കുന്ന ആദ്യ അറബ് ഇതര രാജ്യമായി ഇന്ത്യ മാറിയത്. 1988ൽ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ. നേതൃത്വത്തിനുവേണ്ടി ഗ്ലോബൽ സൗത് വീണ്ടും ഇന്ത്യയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്.
ഇന്ത്യ വളരെക്കാലമായി കാത്തുസൂക്ഷിക്കുന്ന ഈ പൈതൃകത്തിനുവേണ്ടി മോദി വ്യക്തതയോടെയും നിർഭയമായും നിലകൊള്ളണമെന്നും മുതിർന്ന കോൺഗ്രസ് നേതാവായ സോണിയ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണങ്ങളെയോ ഇസ്രായേലികളെ ബന്ദികളായി തടവിൽ വെക്കുന്നതിനെയോ ഒരുനിലക്കും ന്യായീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ‘ഗസ്സ ദുരന്തത്തിൽ നിശ്ശബ്ദ കാഴ്ചക്കാരായി മോദി സർക്കാർ’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
അതേസമയം, മാനുഷിക സഹായത്തിനായി മൂന്നിടങ്ങളിൽ ദിവസം 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടയിലും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച മാത്രം 70 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒമ്പതുപേർ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്നവരാണ്.
ഗസ്സ സിറ്റി, ദൈർ അൽബലഹ്, മുവാസി എന്നിവിടങ്ങളിലാണ് രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. സഹായ സാധനങ്ങൾ എത്തിക്കുന്നതിനായി റഫ അതിർത്തി തുറക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിലും ആക്രമണത്തിന് കുറവൊന്നുമില്ല. മധ്യ ഗസ്സയിലെ അൽഅവ്ദ ആശുപത്രിയിൽ ഏഴുപേരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.