ന്യൂഡൽഹി: ഉറക്കഗുളികകൾ ഓണ്‍ലൈനിൽ വാങ്ങാൻ ശ്രമിച്ച യുവതി തട്ടിപ്പിന് ഇരയായി. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. 77 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്. നാഡീസംബന്ധമായ അസുഖത്തിന് എല്ലാ മാസവും കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ യുവതിക്ക് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസറാണെന്ന് പറഞ്ഞ് കോൾ വന്നു. നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. 2024 ആഗസ്റ്റിലാണ് തട്ടിപ്പിന്‍റെ തുടക്കം.
സംഭവത്തിൽ കൂടുതൽ പരിശോധക്കായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. പരിഭ്രാന്തയായ യുവതി മൂന്ന് ലക്ഷം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി. ഇത് അവസാനിച്ചുവെന്ന് കരുതിയ യുവതിക്ക് 10 ദിവസത്തിന് ശേഷം മറ്റൊരു കോൾ വന്നു.
എൻ.സി.ബി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് കോൾ വന്നത്. നൽകിയ പണം തിരികെ ലഭിക്കാനും നിരപരാധിത്വം തെളിയിക്കാനും സഹായിക്കാനാണ് വിളിച്ചതെന്നും പറഞ്ഞ് കോൾ അവസാനിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ യുവതിയുടെ അക്കൗണ്ടിലേക്ക് 20,000 രൂപ തിരികെ ലഭിച്ചു.
ഇത് തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിന്‍റെ സൂചനയാണെന്ന് യുവതി കരുതിയത്. പിന്നീട് നാല് പേർ വിഡിയോ കോൾ ചെയ്തു. സ്ക്രീൻ ഷെയർ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുറക്കാനും യുവതിയോട് ആവശ്യപ്പെട്ടു. പണമെല്ലാം തിരികെ നൽകുമെന്ന് ഉറപ്പും നൽകി. എന്നാൽ ലക്ഷങ്ങൾ വളരെ വേഗം പിൻവലിക്കപ്പെട്ടു. തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. യുവതി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസിൽ പരാതി നൽകി. തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
2025 ജൂൺ 24ന് പ്രതികളിൽ ഒരാളായ അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മാറ്റിയെന്ന് അഖിലേഷ് കുറ്റസമ്മതം നടത്തി. അംജദ്, ഷാഹിദ്, ഷക്കീൽ എന്നിവരാണ് മറ്റ് പ്രതികൾ. യുവതിക്ക് നിലവിൽ മൂന്ന് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചിട്ടുള്ളത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളിൽ നിരവധിയാളുകളിൽ നിന്ന് പണം തട്ടിയതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിറ്റൽ അറസ്റ്റിന് ഇരയായ യുവതി റിട്ട. അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.