ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ മൗന സമ്മതത്തോടെ രാജ്യ വ്യാപകമായി നടക്കുന്ന വോട്ടർ പട്ടിക തട്ടിപ്പിനും അസമിൽ മുസ്‌ലിം ജന വിഭാഗങ്ങൾക്ക് നേരെയുള്ള കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ സെപ്റ്റംബർ 11ന് ഡൽഹി ജന്തർ മന്തറിൽ ലോക് തന്ത്ര് സംരക്ഷൺ മാർച്ച് നടത്തും.
മുസ്‌ലിം ലീഗിന്റെ ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത് സെന്ററിൽ ചേർന്ന യൂത്ത്‍ലീഗ് ദേശീയ നിർവാഹക സമിതിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂത്ത് ലീഗ് പ്രവർത്തകരെ സംഘടിപ്പിച്ച് ‘ലോക് തന്ത്ര് സംരക്ഷൺ മാർച്ച്’ നടത്താൻ തീരുമാനിച്ചത്. മുസ്‌ലിം ലീഗ് ദേശീയ നേതാക്കളും എം.പിമാരും ഇന്ത്യ മുന്നണി നേതാക്കളും മാർച്ചിന് അഭിവാദ്യങ്ങളർപ്പിക്കും.
പ്രാഥമികമായ ജനാധിപത്യ അവകാശങ്ങൾ പോലും ഇല്ലാതാകുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാറും ശ്രമിക്കുന്നതെന്ന് നിർവാഹക സമിതി വിലയിരുത്തി. ഇത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ല. അസമിൽ നടക്കുന്നത് ക്രൂരമായ ന്യുനപക്ഷ വേട്ടയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർത്തെറിയുന്ന വോട്ട് ചോരിക്കും ബുൾഡൊസർ രാജിനുമേതിരെ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന എല്ലാം സമരങ്ങളോടും ചേർന്ന് നിൽക്കാനും യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.