രമേശ് ചെന്നിത്തല

ഭരണഘടനയുടെ 130-ാം ഭേദഗതി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ വേണ്ടി - രമേശ് ചെന്നിത്തല

തിരുവനന്തപുരം: അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, തുടങ്ങി എല്ലാ ഏജന്‍സികളെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി തന്നെ കള്ളക്കേസുകളുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയെന്നതാണ്. അതിന്റെ ദുരുപയോഗത്തിനാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്.

ഇഡി ഇതുവരെ നൂറില്‍പരം കേസില്‍ നിരവധി പേരെ അറസറ്റ്് ചെയ്യുകയും ജയിലലടയ്ക്കുകയും ചെയ്തു. നിരവധി രാഷ്ട്രീയ നേതാക്കള്‍ കൂറുമാറി ബിജെപിയില്‍ എത്തുന്നതിനു വേണ്ടി ഈ ഏജന്‍സികള്‍ രാപപ്കല്‍ പണിയെടുത്തു. ബിജെപിയില്‍ എത്തിയതോടെ വാഷിങ് മെഷീനില്‍ ഇട്ടപോലെ അവരെല്ലാം അഴിമതിക്കറ മാറി നല്ലവരായി. വെറും രണ്ടോ മൂന്നോ കേസില്‍ മാത്രമാണി ഇഡിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. ബാക്കി മുഴുവന്‍ കേസുകളും രാഷ്ട്രീയ പ്രേരിതമായിരുന്നു. ആ പേരില്‍ ജയിലിലടയ്ക്കപ്പെട്ടവരോട് എന്ത് സമാധാനമാണ് പറയാനുള്ളത്. ഈ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നവര്‍ കുറഞ്ഞത് 90 ദിവസം വരെ ജയിലില്‍ കിടക്കാറുണ്ട്. കേസ് തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും കടുത്ത വകുപ്പുകള്‍ ചുമത്തിയുള്ള അറസ്റ്റ് മാത്രം മതിയാകും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍.

നിലവില്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിക്കു ഭരണം നിലനിര്‍ത്തണമെങ്കില്‍ സഖ്യകക്ഷികളെ ഭയപ്പെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് ഈ കരിനിയമം കൊണ്ടുവരുന്നത്. ഇതില്‍ യാതൊരു ഉദ്ദേശ ശുദ്ധിയുമില്ല. കാരണം കഴിഞ്ഞ 11 വര്‍ഷത്തെ ബിജെപി ഭരണം തെളിയിക്കുന്നതു തന്നെ ഇവര്‍ ചെയ്യുന്നതില്‍ യാതൊരു ഉദ്ദേശശുദ്ധിയുമില്ല, മറിച്ച് ഭയപ്പെടുത്തി ഭരണം നിലനിര്‍ത്തല്‍ മാത്രമാണ് ലക്ഷ്യമെന്നാണ്.

ഇതുപോലൊരു കരിനിയമം മഹാരാഷ്ട്രയിലും നടപ്പാക്കിയിട്ടുണ്ട്. ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടാല്‍ പോലും ഗുരുതരമായ കുറ്റം ചുമത്തി പൊതുജനങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അമിതാധികാരം കൊടുക്കുന്ന നിയമമാണത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്. ഇത്തരം കരിനിയമങ്ങളെ ഒന്നിച്ചു നിന്ന് എതിര്‍ത്തില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു പോലെ തന്നെ ഇവര്‍ മനുഷ്യാവകാശങ്ങളെയും അട്ടിമറിക്കുമെന്നുറപ്പാണ് - രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - 130th Amendment to the Constitution to hunt down political opponents - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.