വിലങ്ങാട് ദുരന്തം

വിലങ്ങാട് ദുരന്തബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നൽകും; റവന്യൂ മന്ത്രി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: നാദാപുരം വിലങ്ങാട് ദുരന്തബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി റവന്യൂ മന്ത്രി കെ. രാജൻ. നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ - ദുരന്തനിവാരണ വകുപ്പ് സെകട്ടറി എം.ജി. രാജമാണിക്യം, ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുരിയാക്കോസ്, കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവരടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികൾ പരിശോധിച്ച് അർഹരാവർക്ക് കൂടി ഉപജീവന നഷ്ടപരിഹാരം നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർക്ക് മന്ത്രി നിർദേശം നൽകി. താമസയോഗ്യമായ പ്രദേശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലാൻഡ്സ്ലൈഡെഡ് അഡ്വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തും. ദുരന്തത്തിൽ തകർന്ന റോഡ്, പാലങ്ങൾ എന്നിവക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കും.

ഉരുൾപ്പെട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. തുക ലഭ്യമായി മൂന്ന് മാസം കൂടി ചൂരൽമല ദുരന്തബാധിതർക്ക് സമാനമായി ഇവിടെയും 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പു വരുത്തും. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്തിട്ടുണ്ട്.

വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകൾക്കുള്ള മൊറോട്ടോറിയം 2026 മാർച്ച് വരെ തുടരും. ഇതു സംബന്ധിച്ച് ഇടക്കാലത്തുണ്ടായ പരാതികൾ പരിഹാരം കണ്ടെത്തിയതായി ജില്ല കലക്ടർ പറഞ്ഞതായി റവന്യൂ മന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Vilangad disaster victims' livelihood compensation to be extended by another nine months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.