പത്തനംതിട്ട: സ്റ്റാമ്പ് ശേഖരിക്കുന്ന വിദ്യാർഥികൾക്ക് 6000രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയുമായി തപാൽ വകുപ്പ്. ദയാല്‍ സ്പര്‍ശം യോജന എന്ന പേരിലുള്ള പദ്ധതിയിൽ കേരളത്തിലെ 40 വിദ്യാര്‍ഥികള്‍ക്കാകും സ്കോളര്‍ഷിപ്പ്. വിദ്യാർഥികൾക്കിടയിൽ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാൻ കഴിയുക.
ഫിലാറ്റലി ക്ലബ്ബംഗം അല്ലെങ്കിൽ പോസ്റ്റ് ഓഫിസില്‍ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉള്ളവർ ആയിരിക്കണം അപേക്ഷകർ. അവസാന പരീക്ഷക്ക് 60 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയുമുണ്ട്. കഴിഞ്ഞദിവസം ഇതിനായി അപേക്ഷ ക്ഷണിച്ചു. അതാത് ഡിവിഷനിലെ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസിനാണ് അപേക്ഷ നൽകണ്ടേത്.
ക്വിസ്, ഫിലാറ്റലി പ്രൊജക്ട് എന്നിങ്ങനെ ഘട്ടങ്ങൾക്കുശേഷമാണ് തെരഞ്ഞെടുപ്പ്. ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർ അടുത്തഘട്ടത്തിലേക്ക് കടക്കും. ഇവർ ഫിലാറ്റലി പ്രൊജക്റ്റ് തയാറാക്കി നൽകണം. ഏതെങ്കിലും പ്രത്യേക വിഷയത്തിലുള്ള സ്റ്റാമ്പുകൾ ചേർത്ത് അവതരിപ്പിക്കുന്നതാകണം പ്രോജക്റ്റ്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാകും സ്കോളർഷിപ്പ്.
മുൻവർഷങ്ങളിലും പദ്ധതിയുണ്ടായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ഇത്തവണ പ്രചാരണം വിപുലമാക്കിയിരിക്കുകയാണ് വകുപ്പ്.
സ്റ്റാമ്പ് ശേഖരിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി തപാൽ വകുപ്പ് വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ഫിലാറ്റലി ക്ലബുകൾ രൂപവത്ക്കരിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്റ്റാമ്പിൽ താൽപര്യമുള്ളവർക്ക് പോസ്റ്റ് ഓഫിസില്‍ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. 200 രൂപയാണ് ഏറ്റവും കുറഞ്ഞ തുക.
ഇങ്ങനെ അംഗമാകുന്നവർക്ക് ഡെപ്പോസിറ്റ് ചെയ്ത തുകക്ക് തുല്യമായ സ്റ്റാമ്പ് നിശ്ചിത സമയങ്ങളിൽ തിരുവനന്തപുരം ഫിലാറ്റലി ബ്യൂറോയിൽനിന്ന് അയച്ചു നൽകും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പോസ്റ്റ് ഓഫിസിൽ അക്കൗണ്ടിലൂടെ പണം നിക്ഷേപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.