ആശ ബെന്നി
പറവൂർ: കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നി (46) പുഴയിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ കൊള്ളപ്പലിശക്ക് പണം നൽകി ഭീഷണിപ്പെടുത്തിയ മുൻ പൊലീസുകാരനും ഭാര്യക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ആശയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്, ഭാര്യ ബിന്ദു എന്നിവർക്കെതിരെയാണ് പറവൂർ പൊലീസ് കേസെടുത്തത്.
2018ൽ വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ് മരിച്ച ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് യുവാവിന്റെ വീട്ടുകാരോട് 10,000 രൂപ ആവശ്യപ്പെട്ട സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. അന്ന് പ്രദീപിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കേസിനെത്തുടർന്ന് പ്രദീപിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ആശ ബെന്നിയുടെ ആത്മഹത്യയുണ്ടായ അന്നുതന്നെ ഒളിവിൽ പോയ പ്രദീപിനെയും ഭാര്യയെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇവരുടെ ഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.
അയൽവാസിയായ റിട്ട. പൊലീസുകാരൻ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും തുടർച്ചയായ ഭീഷണിമൂലമാണ് മരിക്കുന്നതെന്ന് എഴുതിവെച്ച ശേഷമാണ് ആശ പുഴയിൽ ചാടിയത്. ഇവരുടെ ശല്യംമൂലം ഒരാഴ്ചമുമ്പ് ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എസ്.പി ഓഫിസിൽ ലഭിച്ച പരാതിയെത്തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.
പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രദീപിന് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. പക്ഷേ, അന്നു രാത്രിതന്നെ പ്രദീപും ഭാര്യയും വീട്ടിൽചെന്ന് ഭീഷണിപ്പെടുത്തി ചില മുദ്രപ്പത്രങ്ങളിൽ ഒപ്പിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായി ആത്മഹത്യക്കുറിപ്പിലുണ്ട്.
ആശയുടെ മരണം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്നതിന് മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന സംഘത്തെ ജില്ല പൊലീസ് മേധാവി എം. ഹേമലത ചുമതലപ്പെടുത്തി. പറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആശയുടെ മൃതദേഹം കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
പറവൂർ: ‘‘മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തുചെയ്യും ദൈവമേ....’’ എന്നാണ് കോട്ടുവള്ളി സ്വദേശിനി പുളിക്കത്തറ ആശ ബെന്നിയുടെ എട്ട് പേജുള്ള ആത്മഹത്യക്കുറിപ്പിന്റെ തുടക്കം. താൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ അതിൽ വിശദീകരിക്കുന്നു. 2022 മുതലാണ് കച്ചവടം വിപുലപ്പെടുത്താൻ പലവട്ടമായി പത്തുലക്ഷം രൂപ ആശ പലിശക്ക് വാങ്ങിയത്.
ഒരുലക്ഷത്തിന് പതിനായിരം രൂപയാണ് മാസപ്പലിശ. പിന്നീട് ഭർത്താവിന്റെ ചിട്ടി പിടിച്ച തുകയും സ്വർണാഭരണങ്ങൾ പണയംവെച്ചും കടം വാങ്ങിയും 24 ലക്ഷത്തോളം രൂപ തിരിച്ചുനൽകി. ഇനിയും 22 ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പലിശ മുടങ്ങിയപ്പോൾ പലരിൽനിന്നും വാങ്ങി ആശ നൽകിയിട്ടുണ്ട്. ഇവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടിൽ എത്തിയതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.