പെരിന്തൽമണ്ണ: റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകി. ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കെതിരെയാണ് നടപടി.
കേരളത്തിലെ റോഡ് പരിപാലനം സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കാൻ കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യസമയത്ത് നടപ്പാക്കാനുമുള്ളതാണ് പദ്ധതി. 21,000 കിലോമീറ്ററോളം റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചുവരുന്നുണ്ട്.
എന്നാൽ, ചിലയിടങ്ങളിൽ പ്രവൃത്തി നടപ്പാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽപെട്ടുവെന്നും പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യസമയത്ത് സാങ്കേതികാനുമതി നേടി ടെൻഡറിങ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തിയെന്നുമാണ് ഉദ്യോഗസ്ഥരെക്കുറിച്ച ആരോപണം. പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് വീഴ്ച കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.