മർദനമേറ്റ അജ്മൽ റോഷൻ ആശുപത്രിയിൽ

കെ.എസ്.യു പ്രവർത്തകനെ എം.എസ്.എഫുകാർ മർദിച്ചതായി പരാതി

കണ്ണൂർ: നഗരത്തിൽ കെ.എസ്.യു പ്രവർത്തകനെ എം.എസ്.എഫ് പ്രവർത്തകർ മർദിച്ചതായി പരാതി. അലവിൽ സ്വദേശി അജ്മൽ റോഷനാണ് മർദനമേറ്റത്. ബുധനാഴ്ച രാവിലെ കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ നിന്നാണ് മർദനമേറ്റത്.

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ അജ്മലിന്റെ പത്രിക എം.എസ്.എഫ് പ്രവർത്തകർ കീറിയെറിഞ്ഞതായി ആരോപണമുണ്ട്.

പരിക്കേറ്റ അജ്മൽ ആശുപത്രിയിൽ ചികിത്സതേടി. സർ സയ്യിദ് കോളജിൽ യു.ഡി.എസ്.എഫ് സഖ്യമില്ലാതെ കെ.എസ്‌.യുവും എം.എസ്.എഫും വെവ്വേറെയാണ് മത്സരിക്കുന്നത്.

അതേസമയം, അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ എം.എസ്.എഫിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിട്ടു. മുഖം മറച്ച് കാമ്പസിൽ മതം പറഞ്ഞ് വിദ്യാർഥി സമൂഹത്തെ വേർതിരിക്കുന്ന എം.എസ്.എഫ് മതസംഘടന തന്നെയാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ല സെക്രട്ടറി സി.എച്ച്. മുബാസ് ഫേസ്ബുക്കിൽ കുറിച്ചു. കെ.എസ്.യു സ്ഥാനാർഥിയാകേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് പിന്മാറാൻ പ്രേരിപ്പിച്ചെന്നുമാണ് കെ.എസ്.യു നേതാവ് ആരോപിച്ചു.

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് കണ്ണൂർ നഗരത്തിൽ കെ.എസ്.യു പ്രവർത്തകൻ അജ്മൽ റോഷനെ എം.എസ്.എഫ് മർദിച്ചതിന് പിന്നാലെയാണ് മുബാസിന്റെ കുറിപ്പ്. മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തലപൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്.

എം.എം കോളജിൽ കെ.എസ്.യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന കാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപ്പസ്തോലന്മാരായി പ്രവർത്തിക്കുകയാണ്. കാമ്പസുകളിൽ വിദ്യാർഥികൾ രാഷ്ട്രീയം തെരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ്, അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എം.എസ്.എഫ് സ്വയം തിരുത്താൻ തയാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതിവിദൂരമല്ല. കണ്ണൂരിലെ കാമ്പസിൽനിന്ന് ഈ കൂട്ടരെ അകറ്റിനിർത്തണമെന്നും മുബാസ് എഫ്.ബി കുറിപ്പിൽ ആവശ്യപ്പെട്ടു.

എം.എസ്.എഫ് വർഗീയ സംഘടനയാണെന്നും അവരെ നേരിടാന്‍ അതിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ മാത്രം മതിയെന്നും എസ്.എഫ്.ഐ നേതാക്കൾ പ്രതികരിച്ചത് വിവാദമായിരുന്നു.

Tags:    
News Summary - Complaint alleging that MSF members beat up KSU activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.