തിരുവനന്തപുരം: ശശി തരൂരിനെ ഉൾകൊള്ളാൽ പല ആളുകൾക്കും വിഷമമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. നമ്മൾ കരുതിയാൽ അദ്ദേഹത്തിന്‍റെ പൊക്കം കുറയ്ക്കാൻ പറ്റില്ലെന്നും അടൂർ പറഞ്ഞു. പി. കേശവദേവ് ട്രസ്റ്റിന്‍റെ പരിപാടിയിൽ പ്രസംഗിക്കവെയാണ് അടൂർ ഗോപാലകൃഷ്ണൻ തരൂരിനെ പിന്തുണച്ചത്.
ശശി തരൂരിനെ ഉൾകൊള്ളാൽ പല ആളുകൾക്കും വിഷമമാണ്. കേരളത്തിലുള്ളവർക്ക് നല്ല ഉയരമുള്ള ആൾ വന്നുകഴിഞ്ഞാൽ വലിയ പ്രശ്നമാണ്. ശശി തരൂർ ആ പ്രശ്നത്തിലാണ് പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് ഉയരം കൂടിപ്പോയി. നമ്മൾ കരുതിയാൽ അദ്ദേഹത്തിന്‍റെ പൊക്കം കുറയ്ക്കാൻ പറ്റില്ല. മലയാളിയുടെ ശരിയായ സ്വഭാവം എന്ന് പറയുന്നത് വെട്ടിനിരത്തലാണ്. അത് നമ്മുടെ ജീനിലുള്ളതാണ്. അൽപം പൊങ്ങിക്കഴിഞ്ഞാൽ വെട്ടിനിരത്തും, അത് ഏത് രംഗത്തും. ഞാനും കൂടി ഉൾപ്പെടുന്ന സമൂഹത്തെപ്പറ്റിയാണ് പറയുന്നത്. നിങ്ങൾ കേരളത്തിൽ എങ്ങനെ അതിജീവിക്കുന്നു എന്ന് മലയാളികൾ അല്ലാത്തവർ എന്നോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള ഒരു ഉത്തരം മലയാളി ആകാശം കാണാതെ ജീവിക്കുന്ന ഒരു ജനതയാണ് എന്നതാണ്... മനസ്സിന്‍റെ ഏറ്റവും ഉള്ളിൽ അദ്ദേഹം മലയാളിയാണ്, മലയാളത്തെ സ്നേഹിക്കുന്നയാളാണ്. തരൂരിനെ രണ്ടും കൈയും നീട്ടി മലയാളികൾ സ്വീകരിക്കണം -അടൂർ പറഞ്ഞു.
അതേസമയം, പാർലമെന്റിൽ ഇന്ന് ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ച തുടങ്ങാനിരിക്കെ, കോൺഗ്രസിൽ നിന്നും ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കാൻ താത്പര്യമില്ലെന്ന് ശശി തരൂർ കോൺഗ്രസ് പാർട്ടിയെ അറിയിച്ചു. ഗൗരവ് ഗൊഗോയി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരാണ് ചർച്ചയിൽ കോൺഗ്രസിനുവേണ്ടി പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.