രാജ്ഭവനിൽ കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവുമായി
ഗവർണർ രാജേന്ദ്ര ആർലേക്കർ സംസാരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അനുനയ ദൗത്യവുമായി മന്ത്രിമാർ നേരിട്ടെത്തിയിട്ടും ഡിജിറ്റല്‍, കെ.ടി.യു സര്‍വകലാശാലകളിലെ താൽക്കാലിക വി.സി നിയമനത്തിൽ വഴങ്ങാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ. രണ്ടിടങ്ങളിലും വി.സിമാരെ നിയമിച്ചതിൽ പുനഃപരിശോധനക്കില്ലെന്നും ആക്ഷേപമുണ്ടെങ്കിൽ സർക്കാറിന് കോടതിയെ അറിയിക്കാമെന്നും രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി. രാജീവിനെയും ആർ. ബിന്ദുവിനെയും ഗവർണർ അറിയിച്ചു. വി.സി നിയമന കാര്യങ്ങളിൽ ഏകപക്ഷീയ തീരുമാനം പാടില്ലെന്നും താൽക്കാലിക വി.സിമാരെ നിയമിച്ചത് റദ്ദാക്കണമെന്നുമായിരുന്നു മന്ത്രിമാരുടെ ആവശ്യം.
എന്നാൽ, പുറത്തുപോയവർക്ക് വീണ്ടും നിയമനം നൽകാമെന്ന് തനിക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുനർനിയമനമെന്ന് ഗവർണർ മറുപടി നൽകി. രണ്ട് നിയമനങ്ങളും താൽക്കാലികം മാത്രമായതിനാല്‍ അനാവശ്യ ചര്‍ച്ച ഒഴിവാക്കണം. സര്‍വകലാശാല വിഷയങ്ങളില്‍ ഇടവിട്ടുള്ള ചര്‍ച്ചകൾ മാത്രം പോരെന്നും നടപടികളാണ് വേണ്ടതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
തർക്ക വിഷയത്തിൽ ഇരുവിഭാഗവും നിലപാടിലുറച്ചതോടെ ഒരു മണിക്കൂറോളം നീണ്ട ചർച്ച ധാരണയിലെത്താതെ അവസാനിച്ചു. അതേസമയം, തുടർ ചർച്ചകൾക്കുള്ള സാധ്യത അടഞ്ഞിട്ടില്ല. സ്ഥിരം വി.സി നിയമന കാര്യത്തിലാണ് ഗവർണറിൽനിന്ന് അനുകൂല സമീപനമുണ്ടായത്. ഇത് സംബന്ധിച്ച് അടുത്ത ആഴ്ച വീണ്ടും ചർച്ചയുണ്ടാകുമെന്നാണ് സൂചന.
ഡിജിറ്റല്‍, കെ.ടി.യു സർവകലാശാലകളിൽ വി.സി നിയമനത്തിന് കോടതി നിർദേശപ്രകാരം മന്ത്രിമാരെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി രാജ്ഭവന് കത്ത് നൽകിയിരുന്നു. എന്നാൽ, സർക്കാറിന്റെ സമ്മതമില്ലാതെ താൽക്കാലിക വി.സിമാരെ ഗവർണർ ഏകപക്ഷീയമായി നിയമിച്ചതാണ് സർക്കാറിനെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച വിമർശനവും പോരും തുടരുന്നതിനിടെയായിരുന്നു ഞായറാഴ്ചയിലെ ചർച്ച.
സര്‍വകലാശാലകളില്‍ രാഷ്ട്രീയത്തിന്റെ പേരിലുള്ള തര്ക്കമൊഴിവാക്കിയാൽ സര്‍ക്കാറുമായി സമവായത്തില്‍ നീങ്ങാമെന്ന സൂചനയും ഗവർണർ കൂടിക്കാഴ്ചയിൽ നൽകി. എല്ലായിടത്തും സ്ഥിരം വി.സിമാര്‍ വേണമെന്നും യോഗ്യരായവരെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരം വി.സി നിയമനത്തിൽ സർക്കാറിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ, സേർച്ച് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പലയിടത്തും കേസുകളുള്ള കാര്യം ഗവർണർ ചൂണ്ടിക്കാട്ടി.
കോടതികളിലുള്ള ഇത്തരം കേസുകളിൽനിന്ന് പിന്മാറാനും നിയമ തടസ്സം ഒഴിവാക്കാനും സർക്കാൻ മുൻകൈയെടുത്താൽ വി.സിമാരുടെ കാര്യം പരിഗണിക്കാമെന്നും ഗവർണർ വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം തീരുമാനമറിയിക്കാമെന്ന് മന്ത്രിമാർ പറഞ്ഞു. കേരള സർവകലാശാലയിൽ അടിയന്തരമായി സിൻഡിക്കേറ്റ് വിളിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.