താൽക്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനില്ല; നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭകൾ

തിരുവനന്തപുരം: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രതിഷേധ സ്വരം കടുപ്പിച്ച് ക്രൈസ്തവ സഭകൾ. ഛത്തിസ്ഗഢിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന വിലയിരുത്തലിലേക്ക് സഭകൾ എത്തുന്നത് ജാമ്യത്തിലൂടെ ആശ്വാസത്തിലായ ബി.ജെ.പിക്ക് തിരിച്ചടിയായി. കടുത്ത ഭാഷയിലുള്ള ഇടയലേഖനവും മുഖപത്രത്തിലെ മുഖപ്രസംഗവുമൊക്കെയായി ക്രൈസ്തവ സമൂഹം നിലപാട് ശക്തിപ്പെടുത്തുന്നത് കേരളത്തിലെ വോട്ട് നോട്ടമിട്ടുള്ള സംഘ്പരിവാറിന്‍റെ അനുനയനീക്കങ്ങൾക്ക് പ്രതിബന്ധമാണ്.

ജാമ്യം ലഭിക്കാൻ കേന്ദ്ര ഇടപെടലുണ്ടായില്ലെന്ന് വിമർശിക്കുന്നതാണ് പള്ളികളിൽ ഞായറാഴ്ച വായിച്ച ഇടയലേഖനം. ‘വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്‍റെ വിജയമാണ്’ ജാമ്യം ലഭിച്ചതിലൂടെ സംഭവിച്ചതെന്ന് മുഖപ്രസംഗമെഴുതിയ കത്തോലിക്ക സഭ മുഖപത്രമായ ദീപിക ‘ആരും പിരിഞ്ഞുപോകരുത്, വർഗീയ ആൾക്കൂട്ടങ്ങൾ ഇവിടെത്തന്നെയുണ്ട്’ എന്ന മുന്നറിയിപ്പാണ് നൽകുന്നത്. ‘ഛത്തിസ്ഗഢ് സംഭവത്തിന്‍റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താൽക്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ല. ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ കേസ് റദ്ദാക്കുകയും വർഗീയാതിക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയുമാണ് വേണ്ടത്’- മുഖപ്രസംഗം ആവശ്യപ്പെടുന്നു.

പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് നേരിടുന്നത്. ഭീകരപ്രസ്ഥാനമായ ബജ്റങ്ദളിന് കാവൽ നിൽക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം. രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവർ ആത്മപരിശോധന നടത്തിക്കഴിഞ്ഞു. ആരാണ് കന്യാസ്ത്രീകളെ പുറത്തിറക്കാൻ സഹായിച്ചത് എന്നതൊന്നും ആരും ക്രിസ്ത്യാനികളെ പറഞ്ഞുമനസ്സിലാക്കേണ്ടതില്ല. പുറത്തിറക്കിയതു മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അവർക്കറിയാം. ഇതു തുടങ്ങിയിട്ട് എത്ര നാളായെന്നുമറിയാം. ജാമ്യം താൽക്കാലിക വിജയമാണ് - മുഖപ്രസംഗം ഓർമപ്പെടുത്തുന്നു.

Tags:    
News Summary - Nuns Arrest: Christian churches toughen their stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.