മലപ്പുറം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ഭൂരിഭാഗം പേരും ആരോഗ്യകരമായ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നതായി പഠനം. എം.ജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ് മെന്റ് സ്റ്റഡീസിലെ ഗവേഷക എലിസബത്ത് എബ്രഹാം പി.എച്ച്.ഡിയുടെ ഭാഗമായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ 256 പേരിലാണ് പഠനം നടത്തിയത്. ഇതിൽ 140 പേർ വൃക്ക മാറ്റിവെക്കലിനും 104 പേർ കരൾ മാറ്റിവെക്കലിനും 12 പേർ ഹൃദയം മാറ്റിവെക്കലിനും വിധേയരായവരാണ്. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയാണ് വിവരശേഖരണം നടന്നത്.
46.5 ശതമാനം പേർ ആറ് മാസം മുതൽ ഒരു വർഷത്തിനകം സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നു. 58.2 ശതമാനം പേർ പഴയ ജോലിയിൽ തിരികെ പ്രവേശിച്ചു. 54.7 ശതമാനം പേരും സാമൂഹിക കാര്യങ്ങളിൽ സജീവമാണ്. 84 ശതമാനം പേർ ആരോഗ്യപരമായ ജീവിതശൈലി സ്വീകരിക്കുന്നു. 76 ശതമാനം പേർ ശാരീരികാധ്വാനം ആവശ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നു. ശസ്ത്രക്രിയാനന്തരമുള്ള ജീവിതശൈലിയിലും ഭൂരിഭാഗം പേരും മാറ്റം വരുത്തിയതായും പഠനം പറയുന്നു. അതേസമയം, ശസ്ത്രക്രിയാനന്തരമുള്ള മാനസികാരോഗ്യം 32.4 ശതമാനം പേരിലും ദുർബലമാണ്. 46.1 ശതമാനം പേർ പ്രതിസന്ധികളെ തരണംചെയ്യാനുള്ള മാനസിക ദൃഢത കാണിക്കുന്നു. കുറേ പേരിലെങ്കിലും മാറ്റത്തിന് വിധേയമായ അവയവത്തിന്റെ ഭാവി സംബന്ധിച്ച ആശങ്കകളുള്ളതായും പഠനം പറയുന്നു.
അവയവമാറ്റത്തിന് വിധേയരായവരിൽ 36.7 ശതമാനം പേരും 41–50 വയസ്സ് പ്രായമുള്ളവരാണ്. 19.9 ശതമാനം പേർ 31–40 വയസ്സുകാരും 7.8 ശതമാനം പേർ 20–30 വയസ്സുകാരുമാണെന്ന കണ്ടെത്തൽ ചെറുപ്പക്കാരിൽ അവയവമാറ്റം വേണ്ടിവരുന്നവരുടെ പെരുപ്പം വ്യക്തമാക്കുന്നു. പഠനം നടത്തിയവരിലെ 6.3 ശതമാനം മാത്രമാണ് ഗവ. ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തിയത്. ഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത് എന്നതിനാൽ 21 മുതൽ 30 ലക്ഷം വരെ ചെലവ് വന്നിട്ടുണ്ട്. ചിലവ് താങ്ങാൻ കഴിയാത്തതിനാൽ മൂന്നിലൊന്ന് പേരും ജനകീയ ധനസമാഹരണത്തിലൂടെയാണ് തുക കണ്ടെത്തിയത്. 26.6 ശതമാനം പേർ മാത്രമാണ് സർക്കാർ മുൻകൈയിലുള്ള അവയവമാറ്റ പദ്ധതിയായ മൃതസഞ്ജീവനി ഫലപ്രദമെന്ന് അഭിപ്രായപ്പെട്ടത്.
ശസ്ത്രക്രിയക്ക് വിധേയരാവർക്ക് ഇപ്പോഴും പ്രതിമാസം 5000 മുതൽ 10000 വരെ മരുന്നിന് ചെലവഴിക്കേണ്ടി വരുന്നുണ്ട്. മരണാന്തര അവയവദാനം കേരളത്തിൽ താരതമ്യേന കുറവാണെന്ന് പറയുന്ന പഠനം 86.3 പേരും അവയവം സ്വീകരിച്ചത് ജീവിച്ചിരിക്കുന്നവരിൽനിന്നാണെന്ന് കണ്ടെത്തി. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ഡയറക്ടർ പ്രഫസർ ഡോ. പി.പി. നൗഷാദിന് കീഴിലായിരുന്നു പഠനം. എറണാകുളം സെന്റ് തെരേസാസ് കോളജിലെ സോഷ്യോളജി വിഭാഗം അസി. പ്രഫസറാണ് ഗവേഷക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.