വെഞ്ഞാറമൂട്ടിലുള്ള സിവിൽ സപ്ലൈസ് ഗോഡൗണില്‍ നിന്ന് അരി കടത്തിക്കൊണ്ടുപോകവെ തൊഴിലാളികള്‍ തടഞ്ഞിട്ട വാഹനം സപ്ലൈകോ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
വെഞ്ഞാറമൂട്: സിവിൽ സപ്ലൈസ് ഗോഡൗണില്‍ നിന്നും 45 ചാക്ക് അരി കടത്താനുള്ള ശ്രമം ചുമട്ട് തൊഴിലാളികളുടെ ഇടപെടലില്‍ വിഫലമായി. സിവിള്‍ സപ്ലൈസിന്റെ വെഞ്ഞാറമൂട് ചന്തക്ക് സമീപമുള്ള ഗോഡൗണില്‍ നിന്നാണ് അരി കടത്താനുള്ള ശ്രമമുണ്ടായത്. ബുധനാഴ്ച രാവിലെ ഗോഡൗണില്‍ ഒരു ലോഡ് അരി വന്നിരുന്നു. അത് ഇറക്കിയ ശേഷം സപ്ലൈകോയുടെ തന്നെ വെഞ്ഞാറമൂട് ജങ്ഷനിലുള്ള ഗോഡൗണിലേക്ക് തൊഴിലാളികള്‍ പോയി.
എന്നാൽ 10.30 ഓടെ മടങ്ങിയെത്തുമ്പോൾ ഗോഡൗണിന്റെ ഉള്ളില്‍ നിന്ന് ഒരു പിക്കപ്പ് വാനില്‍ അരി കയറ്റി പുറത്തിറങ്ങി വരുന്നത് കണ്ടു. ബുധനാഴ്ച റേഷന്‍ കടകളിലേക്കുള്ള അരി വിതരണം ഇല്ലെന്ന് തൊഴിലാളികള്‍ക്ക് അറിയാമായിരുന്നത് കൊണ്ട് തന്നെ സംശയം തോന്നി അവര്‍ പ്രസ്തുത വാഹനം തടഞ്ഞിടുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. അതനുസരിച്ച് വെഞ്ഞാറമൂട് പൊലീസ് എസ്.എച്ച്.ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേത്വത്വത്തിലുള്ള പൊലീസ് സംഘം എത്തുകയും സപ്ലൈകോ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സീമ, നെടുമങ്ങാട് സബ്‌കോ ജൂനിയര്‍ മാനേജര്‍ ടി.എ. അനിത കുമാരി, റേഷനിങ് ഓഫിര്‍മാരായ ബിന്ദു, ദീപ്തി എന്നിവരടങ്ങുന്ന സംഘം എത്തി. ഇവർ നടത്തിയ പരിശോധനയിലാണ് കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയടങ്ങുന്ന 45 ചാക്ക് അരി വാഹനത്തിൽ കണ്ടെത്തിയത്. റേഷന്‍ വിതരണം ഇല്ലാത്ത ദിവസം പെര്‍മിറ്റ് ഇല്ലാത്ത വാഹനത്തില്‍ റേഷനരി കണ്ടെത്തിയതും തൊഴിലാളികള്‍ വാഹനം തടഞ്ഞപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതും ഗോഡൗണിലെ ഓഫിസ് ഇന്‍ചാർജ് മുങ്ങിയതും സപ്ലൈകോ അധികൃതരുടെ സംശയം ബലപ്പെടുത്തുകയും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്കുകയുമുണ്ടായി.
സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അരിയുൾപ്പെടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ വാര്‍ത്ത തയാറാക്കുമ്പോഴും ഗോഡൗണിലെ സ്റ്റോക്ക് പരിശോധന സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടരുകയാണ്. പരിശോധന കഴിഞ്ഞാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.