തിരുവനന്തപുരം: വർഗീയ വാദികൾക്കെതിരായ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കേണ്ടവരാണ് വിശ്വാസികൾ എന്ന നിലപാടാണ് സി.പി.എം മുന്നോട്ടുവെക്കുന്നതെന്നും ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിശ്വാസി സമൂഹത്തിനെതിരായ ഒരുനിലപാടും സി.പി.എം സ്വീകരിക്കില്ല. വിശ്വാസികൾ ഏറെയുള്ള സമൂഹത്തിൽ അവരെകൂടി പരിഗണിച്ചാണ് മുന്നോട്ടുപോവുക.
പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണ്. നാളെയും അങ്ങനെയായിരിക്കും. അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ചർച്ചയാകുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളെയും അതിലേക്ക് ക്ഷണിക്കും. എന്നാൽ വർഗീയവാദികളെ ക്ഷണിക്കില്ല. യഥാർഥ വിശ്വാസികൾക്ക് വർഗീയ വാദികളാകാനും വർഗീയ വാദികൾക്ക് യഥാർഥ വിശ്വാസികളാവാനും കഴിയില്ല. സംഗമത്തിനെതിരെ ബി.ജെ.പി വിമർശനമുന്നിയിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ തന്നെ ക്ഷണിച്ചാൽ സംഗമത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ മറുപടി പറഞ്ഞു.
അതേസമയം, ലൈംഗികാരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതിൽ നേതാക്കളുടെ ഒത്തുകളി നടന്നെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഒരാളെ സസ്പെൻഡ് ചെയ്താൽ അയാൾ പാർട്ടി വഴി ആർജിച്ച സ്ഥാനമാണങ്ങൾ രാജിവെക്കണമെന്നാണ് കോൺഗ്രസ് ഭരണഘടന പറയുന്നത്. എന്നാൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. മാത്രമല്ല കാലാവധി പറയാതെ സസ്പെൻഡ് ചെയ്തതിനാൽ രാഹുലിന് 30 ദിവസത്തിനുശേഷം പാർട്ടിയിൽ തിരിച്ചെത്താനുമാകും. ഇതിന് നിയമ തടമുണ്ടാവുമുണ്ടാകില്ല. ഇത് ഒത്തുകളിയാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് പുറത്തുവന്നത്. ഒരപാട് ബാക്കികിടക്കുകയാണ്. രാഹുലിന്‍റെ രാജിക്കായി സി.പി.എം ഒറ്റക്ക് സമരം നടത്താനാലോചിക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അതിക്രൂരമായ രാഹുലിന്‍റെ നടപടികൾ ജനങ്ങളുടെ മനസിൽ നിന്ന് മായ്ച്ചുകളയാൻ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തുവരികയാണ്. നാണക്കേടുണ്ടാക്കിയ പ്രശ്നത്തിൽ ലജ്ജിച്ച് തലതാഴ്ത്തുന്നതിനുപകരം കോൺഗ്രസ് അക്രമ പാതയിലാണ്. അതാണ് ക്ലിഫ് ഹൗസിലേക്ക് തീപന്തമടക്കം എറിയുന്ന നിലയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.