കോഴിക്കോട്: ജി.എസ്.ടി വിഷയത്തിൽ ബിഹാറിനെ ബീഡിയോട് ഉപമിക്കുന്ന വിവാദ പോസ്റ്റിനു പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല ഒഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബിഹാറിനെയും ബീഡിയെയും താരതമ്യം ചെയ്തു കോൺഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റ് ആണ് വിവാദമായത്. ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാനാവില്ല എന്ന പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പോസ്റ്റിനെതിരെ ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവും രംഗത്തുവന്നു.
വിവാദമായതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത കോൺഗ്രസ് മാപ്പു പറയുകയും ചെയ്തു.മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കേരള ഘടകം വിശദീകരിച്ചു.
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിന് പിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി രംഗത്തുവന്നതോടെ കോൺഗ്രസ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റിപറ്റിയെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണീ ജോസഫും സമ്മതിക്കുകയുണ്ടായി. അതിനു പിന്നാലെ വി.ടി. ബൽറാം സ്ഥാനമൊഴിയുകയും ചെയ്തു.
തുടർന്ന് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നു. അതിൽ അപാകത സംഭവിച്ചിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടയുടനെ പിഴവ് തിരുത്തി-സണ്ണി ജോസഫ് പറഞ്ഞു. പോസ്റ്റ് തന്റെ അറിവോടെയല്ലെന്നാണ് വി.ടി. ബൽറാം പറയുന്നത്. അതേസമയം, സ്ഥാനമൊഴിയാൻ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യം കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചിരുന്നുവെന്നുമാണ് വി.ടി. ബൽറാമിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.