വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊല്ലം: കൊല്ലം സ്വദേശിനി വിപഞ്ചികയേയും കുഞ്ഞിനേയും വിദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് നിതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള നിതീഷിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.

ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയനെയും (33), ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് നിതീഷ്, നിതീഷിന്റെ അച്ഛൻ മോഹനൻ, സഹോദരി നീതു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, സ്‌ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൊലീസ് വിപഞ്ചികയുടെ വീട്ടുകാരുടെ മൊഴിയെടുക്കുകയും വിപഞ്ചികയുടെ ഫോൺ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് ജോലിയുണ്ടായിരുന്ന വിപഞ്ചികയെ 2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിച്ചത്. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നുവെന്നും കഴുത്തിൽ ബെൽറ്റിട്ട് മുറുക്കുകയും മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു. നിതീഷിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്ന് വിപഞ്ചിക പറഞ്ഞിരുന്നു. പല ദിവസങ്ങളിലും നിതീഷ് വീട്ടിലെത്താറില്ലായിരുന്നെന്നും ഈ സ്വഭാവത്തെ പിതാവും സഹോദരിയും പിന്തുണച്ചിരുന്നെന്നും വിപഞ്ചിക പറയുന്ന ഓഡിയോ കുടുംബം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ നിതീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

സഹോദരി നീതുവിനെക്കാൾ വിപഞ്ചികക്ക് സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേർന്ന് മുടി വിപഞ്ചികയുടെ മുടി മുറിച്ചു. കുഞ്ഞ് ജനിച്ച ശേഷവും ഭർത്താവിൽനിന്നും കുടുംബത്തിൽ നിന്നും വലിയ പീഡനം നേരിട്ടു. കുഞ്ഞിന് പനി കൂടിയിട്ടും ആശുപത്രിയിൽ എത്തിക്കാൻ സമ്മതിക്കാതെ നിതീഷും നീതുവും മുറിയിൽ പൂട്ടിയിട്ടു. മരിക്കുന്നതിന് മുൻപ് വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നതെല്ലാം നിതീഷ് ഫ്ലാറ്റിൽ എത്തിയ ഉടനെ നീക്കം ചെയ്യപ്പെട്ടു എന്നെല്ലാം കുടുംബം ആരോപിച്ചിരുന്നു.

Tags:    
News Summary - Lookout notice issued against Vipanchika's husband Nitish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.