IndiGo Flight
കൊച്ചി: കൊച്ചിയിൽ നിന്നും അബൂദബിയിലേക്ക് യാത്ര തിരിച്ച വിമാനം രണ്ടു മണിക്കൂറിന് ശേഷം സാങ്കേതിക തകരാറിനെതുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യു.എ.ഇയിലെ അബൂദബിയിലേക്ക് ഇന്ത്യൻ സമയം രാത്രി 11.10 പുറപ്പെട്ട ഇൻഡിഗോ 6E-1403 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. വിമാനത്തിൽ 180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
യാത്ര പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിലേറെ സഞ്ചരിച്ച ശേഷം രാത്രി 1:44നാണ് കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിന്നീട് ഇൻഡിഗോ യാത്രക്കാർക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. ഈ വിമാനം വെളുപ്പിന് 3:30ന് യാത്രക്കാരുമായി അബൂദബിയിലേക്ക് പുറപ്പെട്ടു.
കൊച്ചിയിൽ നിന്നും അബൂദബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E-1403 പാതിവഴിയിൽ യാത്ര റദ്ദാക്കി തിരിച്ചിറക്കിയ വിവരം വിമാനം ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ Flightradar24.com സ്ഥിരീകരിച്ചു. മറ്റൊരു ക്രൂ സംഘവുമായാണ് പകരം സജ്ജീകരിച്ച വിമാനം അബൂദബിലേക്ക് യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.