യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ പൊലീസ് കസ്റ്റഡിയിൽ മർദിക്കുന്നു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം; പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

കുന്നംകുളം (തൃശ്ശൂര്‍): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കി. നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും ഡി.ഐ.ജി ശിപാര്‍ശ ചെയ്തു. ഉത്തരമേഖല ഐ.ജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയത്. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് 2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് ക്രൂരമർദനത്തിന് ഇരയായത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരികയും കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള ശിപാര്‍ശ.

സു​ജി​ത്തി​നെ മ​ർ​ദി​ച്ച സംഭവത്തിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുറ്റക്കാ​രായ പൊലീസുകാരെ സേനയിൽനിന്ന്​ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സുജിത്തിന്​ നേരിട്ടത്​ അതി​ക്രൂര മർദനമാണ്​. കേരള പൊലീസ് ഇതുപോലെ തോന്ന്യവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടാവില്ല. കേരളത്തിലെ പൊലീസ് സേനയുടെ യഥാർഥ മുഖം എന്താണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇത്തരം പൊലീസുകാരുമായി തുടരാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെതിരെ ശക്തമായ പ്രതിഷേധം യൂത്ത്​ കോൺഗ്രസിന്‍റെ ഭാഗത്ത്​ നിന്നുണ്ടാകുമെന്നും സംസ്​ഥാന വൈസ്​ പ്രസിഡന്‍റ്​ അബിൻ വർക്കി പറഞ്ഞു.

കുന്നംകുളം എസ്ഐ നുഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍, ഡ്രൈവര്‍ സുഹൈര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശയുള്ളത്. ഇവര്‍ക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാര്‍ക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. 2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.

അടിവസ്ത്രംമാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതുമുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസി. കമീഷണര്‍ ഓഫിസിലും കമ്മിഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂലമറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമീഷനെ സമീപിച്ചത്.

Tags:    
News Summary - Police officers recommended to be suspend in Youth Congress leader assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.