ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിൽ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർക്ക് പങ്കുള്ളതായി തങ്ങളുടെ പക്കൽ ഒരു വിവരവുമില്ലെന്ന് കേന്ദ്ര വിദേശ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ. വിഷയം അത്യന്തം വൈകാരികമാണെന്നും കേന്ദ്ര സർക്കാർ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ നിയമസഹായം നൽകുകയും അഭിഭാഷകനെ നിയമിക്കുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് നിമിഷപ്രിയയുടെ കുടുംബവുമായും യമൻ അധികൃതരുമായും കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായും നിരന്തര സമ്പർക്കത്തിലാണ്.
എതിർകക്ഷിയുമായി രമ്യമായ ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞ ഏതാനും ആഴ്ചകളും ദിവസങ്ങളുമായി തീവ്ര ശ്രമങ്ങളാണ് നടത്തിയത്. ജൂലൈ 16ന് നടത്താനിരുന്ന വധശിക്ഷ നടപ്പാക്കുന്നത് യമൻ അധികൃതർ നീട്ടിവെക്കുകയും ചെയ്തു. വിഷയം വിടാതെ പിന്തുടരുന്നുണ്ടെന്നും ചില സുഹൃദ് രാജ്യങ്ങള്‍ ഇടപെടുന്നുണ്ടെന്നും പറഞ്ഞ രണ്‍ധീര്‍ ജയ്സ്വാള്‍ ആ രാജ്യങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കിയില്ല.
നിമിഷപ്രിയയുടെ കാര്യത്തിൽ നടത്തിയ ഇടപെടൽ കാന്തപുരം പരസ്യപ്പെടുത്തിയ ദിവസവും വിദേശ മന്ത്രാലയ വൃത്തങ്ങൾ അത് തള്ളുകയാണ് ചെയ്തത്. തമിഴ്നാട് സ്വദേശി സാമുവൽ ജെറോം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടത്തുന്ന മധ്യസ്ഥ നീക്കങ്ങളും ചർച്ചകളും മാത്രമേ തങ്ങൾക്ക് അറിയുകയുള്ളൂ എന്ന നിലപാടാണ് വിദേശ മന്ത്രാലയം കൈക്കൊണ്ടിരുന്നത്. എന്നാൽ, കാന്തപുരത്തെ തള്ളി ഇതേക്കുറിച്ച് പരസ്യ പ്രസ്താവന വിദേശ മന്ത്രാലയം നടത്തുന്നത് ഇതാദ്യമാണ്.
ചേരിതിരിഞ്ഞ അവകാശവാദങ്ങൾക്കിടയാക്കിയ വധശിക്ഷ നീട്ടിവെച്ച സംഭവത്തിൽ കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കളും സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കമ്മിറ്റിയും കാന്തപുരത്തിന്റെ ഇടപെടലിനെ പ്രകീർത്തിക്കുമ്പോൾ അഭിഭാഷകനായ സാമുവൽ ജെറോമും വിദേശകാര്യ മന്ത്രാലയവും അത് തള്ളുകയാണ്. കഴിഞ്ഞ കുറെ നാളുകളായി കേന്ദ്രസര്‍ക്കാറിന്റെ സഹകരണത്തോടെ നടക്കുന്ന നീക്കങ്ങളെ തുടര്‍ന്നാണ് വധശിക്ഷ മാറ്റിയതെന്നാണ് സാമുവൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.