കോട്ടയം: മരണത്തിൽ പോലും ഒരാൾക്ക് വിജയം ഉണ്ടാകുന്നുവെന്നതിന്‍റെ ഉദാഹരണമാണ് ഉമ്മൻചാണ്ടിയെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തലപ്പാടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു. നിലവിൽ ഔട്ട് പേഷ്യന്‍റ് മാത്രമാണുള്ളത്. അതിന് ഒരു തുടർച്ച ഉണ്ടായിട്ടില്ല. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകാൻ എളുപ്പമുള്ള വഴിയാണ് പാറേക്കടവ് പാലം. ആ പാലത്തിന്‍റെ പൂർത്തീകരണവും നടക്കണമെന്നാണ് ആഗ്രഹം. പാമ്പാടി വില്ലേജ് ഓഫിസും യാഥാർഥ്യമാകേണ്ടതാണ്.
പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ തയാറാകണം. ഉമ്മൻചാണ്ടിയുടെ ആദരവ് നിലനിർത്താൻ താൽപര്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കഴിഞ്ഞ രണ്ട് വർഷമായി ഇക്കാര്യം നടന്നിട്ടില്ല. സമയം വളരെ കുറവാണെന്നും നിർമാണ പ്രവർത്തനം അടുത്ത മാസം തന്നെ ആരംഭിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി എന്ന ഒരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നു കൊണ്ടിരിക്കുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ. ഉമ്മൻ ചാണ്ടി ഒരിക്കലും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. കുറഞ്ഞ സംസാരവും കൂടുതൽ പ്രവൃത്തിയുമായിരുന്നു അദ്ദേഹത്തിന്‍റെ രീതി. 51 വർഷത്തെ അനുസ്മരിക്കാൻ 51 വീട് നിർമിക്കുക എന്നത് ചാണ്ടി ഉമ്മന്‍റെ സ്നേഹമാണ്.
വീടില്ലാത്തവർക്ക് വീട് എന്നത് ഉമ്മൻചാണ്ടിയുടെ സ്വപ്നമാണ്. വേർതിരിവില്ലാതെ ഞങ്ങൾ മനുഷ്യരെ സ്നേഹിക്കുമെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.