ഇരിട്ടി (കണ്ണൂർ): കളിക്കിടെ ഇഴഞ്ഞെത്തിയ പാമ്പിനെ കുപ്പിയിലാക്കി കുട്ടിക്കൂട്ടം. കണ്ണൂർ ജില്ലയിലെ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലായിരുന്നു സംഭവം. അയൽവാസികളായ രണ്ടര വയസുകാരനടക്കമുള്ള ആറംഗ സംഘം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ‘പാമ്പുപിടിത്തം’.
സമീപത്തെ പൂന്തോട്ടത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ കണ്ട ആറുപേരടങ്ങുന്ന സംഘം വിഷമില്ലാത്തതാണെന്ന് കരുതി, അതിനെ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന്, സംഘത്തിലെ ഒരാൾ മൊബൈലിൽ ഇതിന്റെ ഫോട്ടോയെടുത്ത് ഇരിട്ടിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന അയൽവാസിയായ പുത്തൻ പുരക്കൽ ദിവ്യ ദേവദാസിന് അയച്ചു. ദിവ്യ ഇത് പാമ്പു പിടിത്തക്കാരനായ ഫൈസൽ വിളക്കോടിന് അയച്ചുകൊടുത്തപ്പോഴാണ് പിടികൂടിയത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെയാണെന്ന് മനസ്സിലായത്. തുടർന്ന്, ആരും പാമ്പിനടുത്തേക്കുപോകരുതെന്ന് ദിവ്യ കുട്ടികളെ വിളിച്ച് മുന്നറിയിപ്പ് നൽകി.
ഒട്ടും വൈകാതെ മാർക്ക് പ്രവർത്തകനും വനംവകുപ്പ് താൽക്കാലിക വാച്ചറുമായ ഫൈസൽ വീട്ടിലെത്തി പാമ്പിനെ കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരും അയൽവാസികളുമെത്തി, കുട്ടികൾക്ക് കടിയേറ്റില്ലെന്ന് ഉറപ്പിച്ചപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.