വെള്ളാപ്പള്ളി നടേശൻ, അഡ്വ. കെ. ഗോപിനാഥൻ

‘വെള്ളാപ്പള്ളിയുടെ ശ്രമം വർഗീയ കലാപം ഉണ്ടാക്കൽ, എസ്.എൻ.ഡി.പിയിൽ നേതൃമാറ്റം വേണം’; രൂക്ഷ വിമർശനവുമായി മുൻ ജനറൽ സെക്രട്ടറി

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെയും എസ്.എൻ.ഡി.പി യോഗത്തിലെ പ്രവർത്തനത്തെ കുറിച്ചും രൂക്ഷ വിമർശനവുമായി മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ. സമുദായങ്ങളെ എസ്.എൻ.ഡി.പി യോഗത്തിനെതിരാക്കി നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്ന് കെ. ഗോപിനാഥൻ പറഞ്ഞു. ശ്രീനാരായണ ഗുരു എന്ത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ അത് ഊട്ടിഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ്.എൻ.ഡി.പി യോഗത്തെ തകർക്കുന്നതിന് രാജ്യവ്യാപക ഗൂഢശ്രമം നടക്കുന്നുവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാൽ, ഈ ഗൂഢശ്രമത്തെ തടയാൻ എന്താണ് സജ്ജമാക്കിയതെന്നാണ് വെള്ളാപ്പള്ളി പറയേണ്ടത്. ഏതെല്ലാം മേഖലയിലാണ് തകർക്കാൻ നീക്കം നടക്കുന്നതെന്ന പറയേണ്ടത് ജനറൽ സെക്രട്ടറിയുടെ ചുമതലയാണ്. മുസ് ലിംകൾക്ക് എല്ലാ കൊടുക്കുന്നുവെന്നും ഈഴവർക്ക് ഒന്നും കൊടുക്കുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. സംഘടനയെ തകർക്കാൻ ശ്രമിക്കുന്നത് മുസ് ലിംകളും നായന്മാരുമാണെന്നാണ് പ്രസ്താനകളിലൂടെ വെള്ളാപ്പള്ളി പറയാൻ ഉദ്ദേശിക്കുന്നത്.

29 വർഷമായി വെള്ളാപ്പള്ളി നേതൃസ്ഥാനം വഹിച്ചതിന് ശേഷം എസ്.എൻ.ഡി.പിക്ക് എന്ത് വളർച്ചയാണ് ഉണ്ടായത്. 96ന് ശേഷം യാതൊരു വളർച്ചയും സംഘടനക്ക് ഉണ്ടായിട്ടില്ലെന്ന് കണക്ക് നിരത്തി തനിക്ക് പറയാൻ സാധിക്കും. എസ്.എൻ.ഡി.പി യോഗം ആസ്ഥാന ഓഫിസ് വാടക കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള സർക്കാരാണ് കൊല്ലം കപ്പലണ്ടിമുക്കിലെ 50 സെന്‍റ് സർക്കാർ ഭൂമി എസ്.എൻ.ഡി.പിക്ക് നൽകിയത്. തന്‍റെ ശ്രമഫലമായാണ് ഭൂമി നേടിയെടുത്തത്. യോഗത്തിന് വേണ്ടി അഞ്ച് കോളജുകൾ കരുണാകരൻ സർക്കാർ നൽകി. അങ്ങനെയാണ് അടിമാലി, കൊടുങ്ങല്ലൂർ, കൊയിലാണ്ടി, കോന്നി അടക്കമുള്ള കോളജുകൾ ലഭിച്ചത്. ആർ. ശങ്കറിന്‍റെ കാലത്ത് 16 കോളജുകൾ എസ്.എൻ ട്രസ്റ്റിന് ലഭിച്ചിട്ടുണ്ട്.

എസ്.എൻ.ഡി.പിക്ക് ഇപ്പോൾ വേണ്ടത് തെരഞ്ഞെടുപ്പ് മാറ്റമാണ്. ഇക്കാര്യത്തിൽ കോടതി ഇടപെടണം. സംസ്ഥാന സർക്കാർ വെള്ളാപ്പള്ളി പറയുന്നത് പോലെയാണ് പ്രവർത്തിക്കുന്നത്. ഹൈകോടതി ഉത്തരവൊന്നും സർക്കാർ നടപ്പാക്കിയിട്ടില്ല. പണം കൊടുത്ത് അഡ്മിഷനും നിയമനവും നേടിയവരെ ഒഴിച്ചു നിർത്തിയാൽ സമുദായത്തിലെ ഒരു അംഗത്തിനും സംഘടന കൊണ്ട് പ്രയോജനം ലഭിച്ചിട്ടില്ല. എൻ.എസ്.എസ് നടത്തുന്ന നിയമനങ്ങളിൽ പ്രാദേശിക മുൻഗണന നൽകാറുണ്ട്. നിയമനം വഴി ലഭിക്കുന്ന പണത്തിൽ കരയോഗത്തിനും യുണിയനും ഹെഡ് ഓഫിസിനുമായി എൻ.എസ്.എസ് വീതം വെക്കും.

ബി.ഡി.ജെ.എസ്. ബി.ജെ.പി ഘടകകക്ഷിയായത് കൊണ്ടാണ് വെള്ളാപ്പള്ളി നിലനിൽക്കുന്നത്. വെള്ളാപ്പള്ളിക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നത് കേന്ദ്രസർക്കാരാണ്. മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പറഞ്ഞ് പിണറായി വിജയനെയും വെള്ളാപ്പള്ളി സുഖിപ്പിക്കുന്നുണ്ട്. മൂന്നാം ഊഴം വരുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി സ്വന്തം മണ്ഡലമായ ചേർത്തലയിൽ തനിക്ക് അനുകൂലമായ ഒരാളെ പോലും വിജയിപ്പിച്ചിട്ടില്ല.

1995ൽ കോഴിക്കോടുള്ള 25 ഏക്കർ സ്ഥലത്ത് എൻജിനീയറിങ് കോളജ് തുടങ്ങാൻ യോഗം തീരുമാനിച്ചിരുന്നു. തുടർന്ന് പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയ നായനാർ സർക്കാറിന് നൽകി. എന്നാൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് കേന്ദ്ര സർക്കാറിന്‍റെ അനുമതിക്കായി ശിപാർശ ചെയ്തില്ല. കോഴിക്കോട്ടെ 25 ഏക്കർ ഭൂമി വെള്ളാപ്പള്ളി വിൽപന നടത്തിയെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

എസ്.എൻ.ഡി.പി യോഗത്തിൽ പുതിയ മാറ്റം ഉണ്ടാകണം. യോഗവുമായും ശ്രീനാരായണഗുരുവിന്‍റെ തത്വങ്ങളുമായി ബന്ധമുള്ളതും പ്രവർത്തന സജ്ജരായവരും പൊതുജനവിശ്വാസം ആർജിക്കാൻ സാധിക്കുന്നവരുമായ ആളുകൾ കടന്നുവരണം. സാമൂഹിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിന് കരുതികൂട്ടിയുള്ള പ്രവർത്തനങ്ങളും പ്രസംഗവും രാജ്യത്ത് അപകടമുണ്ടാക്കുമെന്നും കെ. ഗോപിനാഥൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

1982 മുതൽ 85 വരെയും 1992 മുതൽ 96 വരെയും എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു അഡ്വ. കെ. ഗോപിനാഥൻ. 21 വർഷം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റ്, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം, ഐ.എൻ.ടി.യു.സി സ്ഥാപക പ്രസിഡന്‍റ് പദവികൾ വഹിച്ച അദ്ദേഹം, എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി എക്സിക്യൂട്ടീവ് അംഗമാണ്. പുതുപ്പള്ളി വില്ലേജ് സർവീസ് സഹകരണ ബാങ്ക് സ്ഥാപിച്ചത് മുതൽ കഴിഞ്ഞ 53 വർഷമായി പ്രസിഡന്‍റുമാണ്.

Tags:    
News Summary - Former General Secretary Adv. K. Gopinathan strongly criticizes Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.