ന്യൂഡൽഹി: കോൺഗ്രസ് കേരളത്തിൽ കണ്ടെത്തിയ വ്യാജവോട്ടുകൾ ഏറ്റവും കൂടുതൽ നേമത്തും കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും വട്ടിയൂർക്കാവിലും. ബി.ജെ.പിക്ക് സ്വാധീനമുള്ള തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽപ്പെടുന്ന ഈ നിയമസഭ മണ്ഡലങ്ങളിൽ 2021ൽ ഹൈകോടതി ഇടപെടലിനെ തുടർന്ന് ചെയ്യാൻ കഴിയാതെ പോയ വ്യാജ വോട്ടുകൾ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ചെയ്തതാകാം ശശി തരൂരിന്റെ ഭൂരിപക്ഷം കുറയാൻ കാരണമെന്ന സംശയവും കോൺഗ്രസ് ഉയർത്തുന്നു.
കേരളത്തിലെ വോട്ടർപട്ടികയിൽ 10 ലക്ഷത്തിലേറെ വ്യാജ വോട്ടുകൾ ഉണ്ടായിരുന്നുവെന്ന് പറയുന്ന കോൺഗ്രസ്, അതിൽ 4.34 ലക്ഷം വ്യാജ വോട്ടുകളുടെ തെളിവുകളാണ് ഹൈകോടതിയിൽ സമർപ്പിച്ചത്. കർണാടകയിലെ ഒരു നിയമസഭ മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച് ആറ് മാസമെടുത്ത് സമാഹരിച്ച വ്യാജ വോട്ടുകളുടെ നാലിരട്ടിയാണ് കേരളത്തിൽനിന്ന് കോൺഗ്രസ് തെളിവുകളോടെ ഹൈകോടതി മുമ്പാകെ വെച്ചത്. ഇരട്ട വോട്ടുകളിൽ ഒറ്റയടിക്ക് വ്യാജമാണെന്ന് ഏത് കുട്ടിക്കും മനസ്സിലാകുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് താജുദ്ദീന്റെ മകൾ എന്ന് പറഞ്ഞ് മാജിദ ബീവി എന്ന പേരിൽ ഒരു സ്ത്രീ വോട്ടർക്കുപയോഗിച്ച അതേ ഫോട്ടോ വെച്ച് അലിക്കുഞ്ഞിന്റെ മകൻ സലീം എന്ന പുരുഷ വോട്ടറെയും വോട്ടർപട്ടികയിൽ ചേർത്തതാണ്.
2021 നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽനിന്ന് ഇവ നീക്കം ചെയ്യാനാവില്ലെന്ന് അറിയിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പിന്നീട് 2024 ലോക്സഭ തെരഞ്ഞെടുപ്പിനായി തയാറാക്കിയ പട്ടികയിൽനിന്ന് അവ നീക്കം ചെയ്തോ എന്ന് പരിശോധിച്ചില്ല. 2021ലെ നീക്കം ചെയ്യാനാകാതെ പോയ വ്യാജ വോട്ടുകൾ 2024 ലോക്സഭ തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയോ എന്ന് കോൺഗ്രസും നോക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.