തൃശൂർ: തൃശൂരിൽ വ്യാജവിലാസത്തിലും കൃത്രിമമായും വോട്ടുചേർത്ത സംഭവത്തിൽ ബ്ലോക്ക് ലെവൽ ഓഫിസർമാർക്കും (ബി.എൽ.ഒ) വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം. അപ്പാർട്മെന്റുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേർത്തതും പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതും അവരുടെ വീഴ്ചക്ക് തെളിവാണെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ പറയുന്നു.
അതേസമയം, ആദ്യമായാണ് ബി.എൽ.ഒ ചുമതല വഹിച്ചതെന്നും പരിചയക്കുറവുണ്ടായെന്നുമാണ് പൂങ്കുന്നത്ത് ബി.എൽ.ഒ ആയിരുന്ന വ്യക്തി നൽകിയ വിശദീകരണം. തൃശൂർ നഗരം കേന്ദ്രീകരിച്ച് കൃത്രിമ രേഖകളിലൂടെ വോട്ട് ചേർക്കുന്നതായി 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എൽ.ഡി.എഫും യു.ഡി.എഫും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാകാതിരിക്കാൻ കാരണം ബി.എൽ.ഒമാരാണെന്നാണ് ആക്ഷേപം. 100ലധികം വോട്ടുകൾ ചേർത്തെന്ന പരാതി നൽകിയിട്ടും അവരെ വോട്ടർപട്ടികയിൽനിന്ന് നീക്കാൻ നടപടിയുണ്ടായിട്ടില്ല.
പുതിയ വോട്ടർമാരെ ചേർക്കലും ഒഴിവാക്കലുമടക്കമുള്ള ചുമതലകൾ ബി.എൽ.ഒമാരുടേതാണ്. പൂങ്കുന്നത്തെ വിവാദ വോട്ടുകൾ ചേർത്ത ഫ്ലാറ്റുകളിൽ ഒരു തവണ അന്വേഷണം നടത്തിയാൽതന്നെ ഇത്തരത്തിൽ ചേർക്കപ്പെട്ട വോട്ടുകൾ വ്യക്തമാകുമായിരുന്നു. പരാതി ലഭിച്ചിട്ടും വ്യക്തമായ അന്വേഷണം നടന്നില്ല. ഇതോടെ ഇവരെല്ലാം വോട്ടർ പട്ടികയിൽ ഇടംപിടിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ചില ബി.എൽ.ഒമാരുടെ പ്രവർത്തനം സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നെന്ന് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.
പരാതികൾ നൽകിയിട്ടും വ്യക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റും പറഞ്ഞിരുന്നു. ചില അപ്പാർട്മെന്റുകൾ സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ വോട്ടർപട്ടികയിൽ പേര് ചേർത്തവർ വോട്ട് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.