കൊച്ചി: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവ. സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന ആവശ്യം തള്ളിയ സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വി.സി നൽകിയ അപ്പീൽ ഹരജി ഹൈകോടതി തള്ളി.
സർക്കാർ പ്രതിനിധികളായ ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും തുടർച്ചയായി സിൻഡിക്കറ്റ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യം തള്ളിയത് ചോദ്യം ചെയ്ത് വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് നൽകിയ അപ്പീൽ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
സാങ്കേതിക സർവകലാശാലയുടെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇടക്കാല ഉത്തരവിൻമേൽ അപ്പീൽ ഹരജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാറിന്റെ വാദം. സ്ഥിരം വി.സി നിയമനത്തിന് സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ അധ്യക്ഷതയിൽ സേർച് കമ്മിറ്റിയെ വെക്കാൻ സുപ്രീംകോടതി നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ഈ സാഹചര്യത്തിൽ ഇടക്കാല ആവശ്യം നിരസിച്ച സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, അപ്പീൽ ഹരജി തള്ളുകയായിരുന്നു. മാത്രമല്ല, ഹരജിയിലെ പ്രധാന ആവശ്യവും ഇടക്കാല ആവശ്യവും ഒന്നുതന്നെയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, സിംഗിൾ ബെഞ്ച് മുമ്പാകെ ഹരജി പരിഗണനക്കെത്തുമ്പോൾ വാദങ്ങൾ അവിടെ ഉന്നയിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടാകുമെന്നും സിംഗിൾബെഞ്ച് പരിഗണിക്കുന്ന റിട്ട് ഹരജിയിലെ തീർപ്പിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.