സി.എം.സ് കോളജ് യുനിയൻ തെരഞ്ഞെടുപ്പിൽ പ്രധാന സീറ്റിലേക്ക് വിജയിച്ച കെ.എസ്.യു പ്രതിനിധികൾ
കോട്ടയം: വാശിയേറിയ തെരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ വിജയിച്ചു. ഒരു സീറ്റിൽ മാത്രമാണ് എസ്.എഫ്.ഐ സ്ഥാനാർഥി വിജയിച്ചത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കോളജ് വെബ്സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫഹദ് സി -ചെയർപേഴ്സൺ, ശ്രീലക്ഷ്മി ബി -വൈസ് ചെയർപേഴ്സൺ, മൈക്കൽ എസ്. വർഗീസ് -ജനറൽ സെക്രട്ടറി, സൗപർണിക ടി.എസ്- ആർട്സ് ക്ലബ് സെക്രട്ടറി, അലൻ ബിജു- യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, ജോൺ കെ. ജോസ് - യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, മാജു ബാബു- മാഗസിൻ എഡിറ്റർ, അഞ്ജലി എസ് -വനിത പ്രതിനിധി, ഹൈബ എച്ച്.എസ് -വനിത പ്രതിനിധി, ആമിർ ജിബു മജീദ് -രണ്ടാം വർഷ ഡിഗ്രി പ്രതിനിധി, അൻവിൻ ബൈജു - മൂന്നാം വർഷ ഡിഗ്രി പ്രതിനിധി, ഫാത്തിമ സഹീന സി.എ -മൂന്നാം വർഷ പി.ജി പ്രതിനിധി, ഇർഫാന ഇഖ്ബാൽ -രണ്ടാം വർഷ പി.ജി പ്രതിനിധി, സാറാ മരിയ -പി.എച്ച്ഡി പ്രതിനിധി എന്നിവരാണ് വിജയിച്ച കെ.എസ്.യു പ്രതിനിധികൾ. എസ്.എഫ്.ഐയിലെ സാം സിജു മാത്യുവാണ് വിജയിച്ച ഒന്നാം വർഷ ഡിഗ്രി പ്രതിനിധി.
സി.എം.എസ് കോളജിൽ ക്ലാസ് റെപ്രസൻറേറ്റീവുകളാണ് യൂനിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്ലാസ് റെപ്രസൻറേറ്റീവിൽ 71 സീറ്റുകൾ കെ.എസ്.യു വിജയിച്ചതോടെയാണ് കോളജിൽ സംഘർഷം തുടങ്ങിയത്. സംഘർഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പൊലീസിന്റെ അഭ്യർഥന പ്രകാരം ഇന്നത്തേക്ക് മാറ്റിയത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കെ.എസ്.യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ യൂനിയൻ ഇലക്ഷൻ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായത്. രാത്രി പത്തരയോടെയാണ് സംഘർഷം അവസാനിച്ചത്. തുടർന്ന് പൊലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമാക്കിയത്. വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്.
മണിക്കൂറുകൾ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദ് നേരിട്ട് എത്തി എസ്.എഫ്.ഐ ജില്ല സെക്രട്ടറി, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്. തുടർന്ന് ഇന്ന് രാവിലെയാണ് വിജയികളെ പ്രഖ്യാപിച്ചത്. തോൽവി ഭയന്ന് എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടെന്നാണ് കെ.എസ്.യു ആരോപണം.
എട്ടു വർഷം എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന അരുവിത്തുറ സെന്‍റ് ജോർജ് കോളജ് യൂനിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ചെയർപേഴ്സൻ സ്ഥാനം ഉൾപ്പടെ മത്സരം നടന്ന മുഴുവൻ സീറ്റിലും കെ.എസ്.യു ജയിച്ചു. വിജയികൾ: ആദിൽ ബഷീർ (ചെയർ.), ആഞ്ചലീന മനോജ് (വൈസ് ചെയർ.), ജോൺസൻ ജോണി ( ജന. സെക്ര.), ഖദീജ സുഹ (ആർട്സ് ക്ലബ് സെക്ര.), എ. കൃഷ്ണദാസ്, നെബിൻ താഹ ( കൗൺ.), ആഷ്ലിൻ ഷെയ്സ്, മീര മോഹൻ (പി.ജി. പ്രതിനിധികൾ), നിഖിൽ സിബി (ഒന്നാംവർഷ ബിരുദ പ്രതിനിധി), ഫസിൽ യൂസഫ് (രണ്ടാം വർഷ ബിരുദ പ്രതിനിധി), അമൽ ജോയ് (മൂന്നാം വർഷ ബിരുദ പ്രതിനിധി), സോന ആൻ ജോസഫ്, റിസ്വാന റഷീദ് (വനിത പ്രതിനിധികൾ).
അതേസമയം, സി.എം.എസ്. കോളജിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനിടെ ഇന്നലെ നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മണിക്കൂറുകളോളം വിദ്യാർഥികൾ ഏറ്റുമുട്ടി. പലകുറി പൊലീസ് ലാത്തിവീശിയെങ്കിലും പിരിഞ്ഞുപോകാൻ അക്രമാസക്തരായ വിദ്യാർഥികൾ തയാറായില്ല. പൊലീസിന് നേരെയും ആക്രമണമുണ്ടായി. രാത്രി വൈകിയും കോളജിൽ സംഘർഷാവസ്ഥ തുടർന്നു. ഇരുവശങ്ങളിലായി വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമണം അഴിച്ചുവിട്ടു. ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഘർഷത്തിന് തുടക്കം. ജയിച്ച ക്ലാസ് പ്രതിനിധികളാണു പ്രധാന ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്.
തോൽവി ഭയന്ന എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. ക്ലാസ് പ്രതിനിധി സീറ്റുകളിൽ 71 എണ്ണം കെ.എസ്.യു നേടിയെന്നും വിറളി പൂണ്ട എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള യൂനിയൻ ഭരണം കൈവിടുമെന്ന പരിഭ്രാന്തിയിൽ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും കെ.എസ്.യു പ്രവർത്തകർ പറയുന്നു. തെരഞ്ഞെടുപ്പ് നടപടി പുരോഗമിക്കുമ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായി കോളജിന്റെ പല ഭാഗങ്ങളിലായി ക്ലാസ്മുറികളുടെ ജനാലകളും കതകുകളും അടിച്ചുതകർത്തതായും ആരോപണമുണ്ട്. തുടർന്ന് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് രാവിലെ തന്നെ കോളജിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
സംഘർഷം ശക്തമായതിനെ തുടർന്ന് കൂടുതൽ പൊലീസെത്തി വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരു ഭാഗങ്ങളിലായി അണിനിരന്ന വിദ്യാർഥി സംഘങ്ങൾ പരസ്പരം പോർവിളിയും നടത്തി. സന്ധ്യയോടെ പുറത്ത് നിന്നെത്തിയ കെ.എസ്.യു പ്രവർത്തകരുടെ ഒരു സംഘം ഗേറ്റിന് മുന്നിൽനിന്നു കോളജിലേക്ക് കല്ലെറിഞ്ഞു. കോളജിന് പുറത്തുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരിൽ ചിലർ ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് അവരെ നേരിട്ടു. ഈ സമയം കോളജിന്റെ പല കോണുകളിലും വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. രാത്രിയോടെ ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി രഘുനാഥ് തുടങ്ങിയവർ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും സംഘർഷാവസ്ഥക്ക് അയവുവന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.