പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി. എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മഹിളാ മോർച്ച പ്രവർത്തകർ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാർച്ചിൽ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പാലക്കാട് സ്വദേശി ഹരിദാസ് മച്ചിങ്ങൽ മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ്.പിക്കും പരാതി നൽകിയത്.
യുവനടിക്ക് അശ്ലീലസന്ദേശം അയച്ചെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്‍റെ പാലക്കാടുള്ള എം.എൽ.എ ഓഫീസിലേക്കാണ് മഹിളാമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. മണപ്പുള്ളിക്കാവിനടുത്തുള്ള ഓഫീസിലേക്ക് നാലു കോഴികളുമായിട്ടായിരുന്നു മാർച്ച്. പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ഇതിനിടെ പ്രതിഷേധക്കാരുടെ കൈയിൽനിന്നു പിടിവിട്ടു പോയ കോഴികളെ പിന്നീട് അവർ തന്നെ പിടിച്ചുകൊണ്ടുപോയി.
ഹു കെയേഴ്‌സ്’ എന്നെഴുതിയ പൂവന്‍കോഴിയുടെ ചിത്രങ്ങൾ ഉയര്‍ത്തിപ്പിടിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള മോർച്ച പ്രവർത്തകർ എത്തിയത്. പ്രതിഷേധക്കാർ കൈയിലിരുന്ന രണ്ടു കോഴികളെ പറത്തിവിട്ടു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി. എം.എൽ.എ ബോര്‍ഡില്‍ കോഴിയെ കെട്ടിത്തൂക്കുകയും ചെയ്തു. പാലക്കാട് എം.എൽ.എയെ പേടിച്ച് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ടി. ബേബി അധ്യക്ഷത വഹിച്ചു.
പാലക്കാട്ട് എം.എൽ.എ ഓഫിസിനു മുന്നിൽ രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ചയും ഇടതു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ഗുരുതര ആരോപണങ്ങൾ നേരിടുന്ന എം.എൽ.എ തൽസ്ഥാനത്തുനിന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നേരത്തെ മന്ത്രി വി. ശിവൻകുട്ടിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാഹുലിനെയും യു.ഡി.എഫ് നേതാക്കളെയും രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഒരാഴ്ചത്തേക്ക് പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
യുവ നടിയുടെ ആരോപണത്തിനു പിന്നാലെ കൂടുതൽ പേർ സമാന പ്രതികരണങ്ങളുമായി രംഗത്തുവന്നതോടെ കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതൃത്വം സമ്മർദത്തിലായിരുന്നു. വ്യഴാഴ്ച ഉച്ചയോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ രാജിവെച്ചു. സംഘടനക്കുള്ളിൽനിന്നും ശക്തമായ എതിർപ്പ് നേരിട്ടതോടെയാണ് രാജി വെക്കാൻ നിർബന്ധിതനായത്. എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടതില്ലെന്നാണ് യു.ഡി.എഫിന്‍റെ നിലപാട്. എന്നാൽ എൽ.ഡി.എഫും എൻ.ഡി.എയും ഉൾപ്പെടെയുള്ള മുന്നണികൾ രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.