കൊച്ചി: യുവനടിക്ക് അശ്ലീല സന്ദേശമയച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കടന്നാക്രമിച്ച് ഇടതുസഹയാത്രികൻ പി.സരിൻ.
ലൈംഗിക പീഡനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ജെ.ഡി.യു മുൻ എം.പി പ്രജ്വൽ രേവണ്ണയോടാണ് രാഹുലിനെ സരിൻ സമീകരിച്ചത്.
കേരളത്തിലെ പ്രജ്വൽ രേവണ്ണയാണ് രാഹുലെന്നും രാഹുൽ ഗാന്ധി പട്ടായയിൽ പോയിട്ടില്ലെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ പട്ടായയിൽ പോയിട്ടുണ്ടാകുമെന്ന് സരിൻ കുറ്റപ്പെടുത്തി. രാഹുലിന് സംരക്ഷണം ഒരുക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ എന്ന ബാനറിൽ വടക്കൻ പറവൂരിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സരിൻ.
"ഒളിച്ച് താമസിക്കാൻ പറ്റിയ ഇടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് രാഹുൽ ഇപ്പോൾ. സംസ്ഥാനത്ത് എവിടെ ഒളിച്ചാലും ഇവിടെത്തെ പൊലീസ് പിടിക്കും. കേരളത്തിന് പുറത്ത് പോയി താമസിക്കാനാണെങ്കില്‍ കോൺഗ്രസിന് ഭരണമുള്ള സ്ഥലങ്ങൾ അധികമില്ല. ആകെയുള്ളത് കർണാടകയും തെലുങ്കാനയുമാണ്. പിന്നൊരു ഹിമാചൽ പ്രദേശുമുണ്ട്. ഇവിടെയൊക്കൊ പോയാൽ അവിടെ കേസ് വരും. ഇന്ത്യയിൽ എവിടെയും ഒളിത്താവളം കിട്ടിയെന്ന് വരില്ല. അങ്ങനെയണെങ്കിൽ രാജ്യം വിടാനാകും പദ്ധതി. അങ്ങനെയാണെങ്കിൽ അവിടെയും പ്രശ്നമാണ് വേൾഡ് കപ്പ് കാണാനാണെന്നും പറഞ്ഞ് ഖത്തറിൽ പോയിട്ടുണ്ട്. ലണ്ടനിൽ ഒക്കെ പോയിട്ടുണ്ട്. നമ്മൾ കളിതമാശക്ക് പലപ്പോഴും പറയും രാഹുൽ ഗാന്ധി പട്ടായയിൽ പോയീയെന്ന്. ആ പറച്ചിൽ സംഘ്പരിവാറിന്റെയാണ്. നമ്മൾ പറഞ്ഞിട്ടില്ല. പക്ഷേ, രാഹുൽ ഗാന്ധി പട്ടായയിൽ പോയിട്ടില്ലെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ പട്ടായയിൽ പോയിട്ടുണ്ടാകും. അത് നമ്മൾ പറയണം. അത് മറച്ചുവെക്കേണ്ടതില്ല."-സരിൻ പറഞ്ഞു.
രാഹുലിന് എല്ലാ ഒത്താശ ചെയ്തത് സതീശനും ഷാഫി പറമ്പിലുമാണെന്നും അധികം വൈകാതെ സതീശൻ പ്രതിപക്ഷ നേതൃപദവി ഒഴിയേണ്ടിവരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി.
"വി.ഡി.സതീശൻ, വെരി ഡീസൻഡ് സതീശൻ എന്നല്ലേ, അല്ല, വൾഗർ ആന്റഡ് ഡിസ്ഗസ്റ്റിങ് സതീശൻ. അതാണ് വി.ഡി. വഷളനും ആഭാസനും ഒക്കാനിക്കാൻ തോന്നുന്ന വിധത്തിൽ മാത്രം രാഷ്ട്രീയം പറയാനും പെരുമാറാനും അറിയുന്ന വൾഗർ ആന്റ് ഡിസ്ഗസ്റ്റിങ് സതീശനെ കൊണ്ട്, പാലക്കാടിന്റെ എം.എൽ.എയെ കൊണ്ട്, എഴുതി നൽകിയ ഒരു പരാതി പോലും രജിസ്റ്റർ ചെയ്യിക്കാതെ തന്നെ അടുത്ത ആറുമാസത്തേക്ക് അത്രമാത്രം ചീഞ്ഞളിഞ്ഞ കഥകൾ പറയാൻ ഇവിടെ ദുരനുഭവങ്ങൾ ഉണ്ടായ പെൺകുട്ടികൾ ഉണ്ട്. സ്ത്രീകളുണ്ട്. അമ്മമാരുണ്ട്. അമ്മൂമ്മമാരുണ്ടോയെന്ന് എനിക്കറിയില്ല. അത് കൊണ്ട് പറയാൻ ഞാൻ ആളല്ല."- ഇങ്ങനെ നീളുന്നു സരിന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.