തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളുമായി മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ. മോശം ഉദ്ദേശ്യത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2023ലാണ് തനിക്ക് ആദ്യം മെസേജ് അയച്ചതെന്ന് യുവതി പറയുന്നു. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടെലഗ്രാമിൽ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്.
ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുലിന്റെ ഭീഷണി. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നത് കൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്.
നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ‘ഐ ഡോണ്ട് കെയര്‍’ എന്നായിരുന്നു മറുപടിയെന്നും യുവതി വ്യക്തമാക്കി. യുവതിയുമായി രാഹുൽ സംസാരിച്ചുവെന്ന് പറയുന്ന വിഡിയോ കോളിന്റെയും മെസേജിന്റെയും സ്ക്രീൻ ഷോട്ടും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ പദ്ധതിക്കെതിരെ മുമ്പ് സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന്, അതേ പൊതിച്ചോറിലൂടെ മറുപടി നൽകി ഡി.വൈ.എഫ്.ഐ. അശ്ലീല സന്ദേശമയച്ചെന്നതടക്കം യുവതികളുടെ ആരോപണത്തെ തുടർന്ന് രാഹുലിന് രാജിവെക്കേണ്ടിവന്ന വാർത്ത അച്ചടിച്ച പത്രത്തിൽ പൊതിഞ്ഞാണ് ഡി.വൈ.എഫ്.ഐ വെള്ളിയാഴ്ച പൊതിച്ചോർ പലയിടങ്ങളിലും വിതരണം ചെയ്തത്. ഇതിന്‍റെ ചിത്രങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ചർച്ചയാക്കുന്നുമുണ്ട്.
പാലക്കാട്: ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ചതെന്ന വി.കെ ശ്രീകണ്ഠൻ എം.പിയുടെ പരാമർശം വിവാദമായി. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നിലപാടിൽ കോൺഗ്രസിനകത്തും പ്രതിഷേധമുണ്ട്. പരാമർശം ‘രാഹുലിനെ പിന്തുണച്ച് കുടുക്കാനാ’ണെന്ന ആരോപണമാണ് രാഹുലിനൊപ്പമുള്ള ചിലർ രഹസ്യമായി പങ്കുവെക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെ ശക്തമായി എതിർത്ത നേതാക്കളിലൊരാളാണ് വി.കെ. ശ്രീകണ്ഠൻ. രാഹുലിനെതിരായ പരാതിയിൽ പരാതിക്കാരെ വിമർശിക്കാത്ത നിലപാടായിരുന്നു കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. വി.കെ ശ്രീകണ്ഠന്റെ പ്രസ്താവന അത് മറികടന്നെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.