തിരുവനന്തപുരം: ഇലക്ട്രിക് ബസുകളെ തള്ളിയും ഡീസൽ ബസുകളെ പിന്തുണച്ചും മന്ത്രി ഗണേഷ് കുമാർ വീണ്ടും രംഗത്ത്. കനകക്കുന്നിൽ ഗതാഗതവകുപ്പിന്‍റെ എക്സിബിഷനായ ട്രാൻസ്പോയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മുൻമന്ത്രി ആന്‍റണി രാജുവിന് പരോക്ഷ വിമർശനങ്ങളടങ്ങിയ പരാമർശങ്ങൾ.
വൈദ്യുതി ബസിൽ പരമാവധി ആറ്റിങ്ങൽ വരെയേ പോകാൻ പറ്റുള്ളൂ. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഓടുകയാണെങ്കിൽ കൊല്ലത്ത് നിന്ന് പത്തുപേർ അധികം കയറിയാൽ ചേർത്തല വെച്ച് വണ്ടി നിന്ന് പോകും. ഒരു ബാറ്ററി ബസ് വാങ്ങുന്ന കാശിന് നാല് ഡീസൽ ബസ് വാങ്ങാം. ഇപ്പോൾ നിരത്തിലിറക്കിയ എ.സി ഡീസൽ ബസുകൾക്ക് അഞ്ചര- ആറ് കിലോമീറ്റർ വരെ മൈലേജ് കിട്ടുന്നുണ്ട്. സ്ഥാപനത്തിന് ഏറ്റവും ഗുണകരമായത് ഡീസൽ ബസുകളാണ്. സൂപ്പർഫാസ്റ്റുകൾ മുമ്പ് വേഗത്തിൽ ലക്ഷ്യത്തിലെത്തുമായിരുന്നു. എന്നാൽ, പിന്നീട് വന്നവർ കൈകാണിക്കുന്ന ഇടത്തെല്ലാം നിർത്തണമെന്ന വ്യവസ്ഥ വെച്ചു. ഇതോടെ സമയത്ത് ബസ് എത്താത്ത സ്ഥിതിയുണ്ടായി.
സൂപ്പർഫാസ്റ്റ് കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് ആ സങ്കല്പത്തിന് അനുസരിച്ചാകും ഇനിയുള്ള സൂപ്പർഫാസ്റ്റുകൾ ഓടുക. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് മറ്റൊരു സുവർണ്ണ കാലത്തിനാകും തുടക്കമാവുകയെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി നിരത്തലിറക്കുന്ന പുതിയ വണ്ടി തട്ടിയാലും മുട്ടിയാലും ചീത്തയാക്കിയാലും അവനവൻ തന്നെയാകും ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. അലങ്കരിച്ചു കൊണ്ടുവന്നാൽ കയ്യടിയായിരിക്കും. ഇടിച്ചു പൊളിച്ചാൽ നടപടിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് കാർഡുകൾ ഇനി കടകൾ വഴിയും വിൽക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. 90000 കാർഡുകൾ ഇറക്കിയെങ്കിലും പെട്ടെന്ന് വിറ്റുതീർന്നു. പിന്നാലെ 30000 കാർഡുകൾ കൂടിയെത്തിയെങ്കിലും ഒരെണ്ണം പോലും ബാക്കിയില്ല. കാർഡിന്‍റെ ഒരു ഭാഗത്ത് സ്വകാര്യ കമ്പനികളുടെ പരസ്യം നൽകുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. ഇതും കെ.എസ്.ആർ.ടി.സിക്ക് വരുമാനമാണ് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.