തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ പദ്ധതിക്കെതിരെ മുമ്പ് സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന്, അതേ പൊതിച്ചോറിലൂടെ മറുപടി നൽകി ഡി.വൈ.എഫ്.ഐ. അശ്ലീല സന്ദേശമയച്ചെന്നതടക്കം യുവതികളുടെ ആരോപണത്തെ തുടർന്ന് രാഹുലിന് രാജിവെക്കേണ്ടിവന്ന വാർത്ത അച്ചടിച്ച പത്രത്തിൽ പൊതിഞ്ഞാണ് ഡി.വൈ.എഫ്.ഐ ഇന്ന് പൊതിച്ചോർ പലയിടങ്ങളിലും വിതരണം ചെയ്തത്.
ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെ പൊതിച്ചോർ പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ മുമ്പ് നടത്തിയ പ്രതികരണം വീണ്ടും സൈബറിടത്തിൽ ചർച്ചയാകുകയാണ്.
പരാതിക്കാരിക്കെതിരായ വി.കെ ശ്രീകണ്ഠൻ എം.പിയുടെ പരാമർശം വിവാദത്തിൽ
ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ചതെന്ന വി.കെ ശ്രീകണ്ഠൻ എം.പിയുടെ പരാമർശം വിവാദമായി. രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ രംഗത്തെത്തി. പൊതുപ്രവർത്തകരടക്കം ഒരാൾ പോലും പറയാൻ പാടില്ലാത്ത കാര്യമാണിതെന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. സ്ത്രീകളുടെ വസ്ത്രധാരണത്തെയോ അവർ ഇടപെടുന്ന മേഖലയെയോ നിലപാടുകളെയോ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല. പരാമർശം പിൻവലിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
വിമർശനം ശക്തമായതോടെ വിശദീകരണവുമായി വി.കെ ശ്രീകണ്ഠൻ എം.പി രംഗത്തെത്തി. പരാതിക്കാരിയെ കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ച് പരാമർശിച്ചപ്പോഴാണ് ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് പറഞ്ഞത്. മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടില്ലേ എന്നും അവരുടെ മറ്റ് ചില ഫോട്ടോകൾ പ്രസിദ്ധീകരിച്ചത് മാധ്യമങ്ങളല്ലേ എന്നുമാണ് താൻ ചോദിച്ചത് -വി.കെ ശ്രീകണ്ഠൻ വിശദീകരിച്ചു.
ശ്രീകണ്ഠൻ എം.പിയുടെ പരാമർശം ‘രാഹുലിനെ പിന്തുണച്ച് കുടുക്കാനാ’ണെന്ന ആരോപണമാണ് രാഹുലിനൊപ്പമുള്ള ചിലർ രഹസ്യമായി പങ്കുവെക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെ ശക്തമായി എതിർത്ത നേതാക്കളിലൊരാളാണ് വി.കെ. ശ്രീകണ്ഠൻ. രാഹുലിനെതിരായ പരാതിയിൽ പരാതിക്കാരെ വിമർശിക്കാത്ത നിലപാടായിരുന്നു കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. വി.കെ ശ്രീകണ്ഠന്റെ പ്രസ്താവന അത് മറികടന്നെന്നാണ് വിമർശനം.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ് ഹണി ഭാസ്കരൻ. സൈബർ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെന്നും അവർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹണി ഭാസ്കരന്റെ പ്രതികരണം.
ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. ഇതുകൊണ്ടെന്നും തന്നെ തകർക്കാനാവില്ല. തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുൽ മോശമായി സംസാരിച്ചുവെന്നാണ് ഹണിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.