തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെ.പി.സി.സി അംഗം വിനോദ് കൃഷ്ണയും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം. ശാസ്തമംഗലത്തുവെച്ചാണ് തർക്കമുണ്ടായത്. വിനോദ് കൃഷ്ണ യുടേൺ എടുക്കുന്നതിനിടെ എത്തിയ മാധവ് സുരേഷുമായി തർക്കമുണ്ടാവുകയായിരുന്നു. മാധവ് സുരേഷും വിനോദ് കൃഷ്ണയും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് ചെറിയ ഗതാഗത തടസ്സമുണ്ട്.
മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് കൃഷ്ണ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പൊലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് പരിശോധനയിൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് ഇരുവരും കേസ് വേണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ജി.ഡിയിൽ സംഭവം രേഖപ്പെടുത്തി പൊലീസ് രണ്ട് പേരെയും വിട്ടയക്കുകയായിരുന്നു.
മാധവ് സുരേഷിന്റെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് സംഭവത്തിന് പിന്നാലെ വിനോദ് കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. അച്ഛന്റെ പേര് കളയരുതെന്ന് താൻ മാധവ് സുരേഷിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമായി. സംഭവം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത് സുരേഷ് ഗോപിയുടെ മകനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാർ മാറ്റാതിരുന്ന മാധവ് സുരേഷ് സുഹൃത്തുക്കളേയും ഡ്രൈവറേയും ഉൾപ്പടെ വിളിച്ചുവരുത്തിയിരുന്നു. തുടർന്നാണ് താൻ പൊലീസിനെ വിളിച്ചതെന്നും വിനോദ് കൃഷ്ണ പറഞ്ഞു.
മാധവ് സുരേഷ് വാഹനം മാറ്റാൻ തയാറാകാത്തതിനെ തുടർന്ന് തന്റെ കാറിന് പിന്നിലുണ്ടായിരുന്ന വാഹനത്തിൽ ബൈക്കിടിച്ച് ചെറിയൊരു അപകടവും ഉണ്ടായി. ഇതോടെയാണ് താൻ പൊലീസിനെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.