‘യുവനടിക്കെതിരായ പരാമർശം പിൻവലിക്കണം’; വി.കെ. ശ്രീകണ്ഠനെ തള്ളി ഷാനിമോൾ ഉസ്മാൻ

കോഴിക്കോട്: ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ചതെന്ന വി.കെ ശ്രീകണ്ഠൻ എം.പിയുടെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. പൊതുപ്രവർത്തകരടക്കം ഒരാൾ പോലും പറയാൻ പാടില്ലാത്ത കാര്യമാണിതെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

സ്ത്രീകളുടെ വസ്ത്രധാരണത്തെയോ അവർ ഇടപെടുന്ന മേഖലയെയോ നിലപാടുകളെയോ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല. പരാമർശം പിൻവലിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.

ആരോപണവിധേയനെതിരെ കേരളത്തിന്‍റെ ചരിത്രത്തിൽ ഇല്ലാത്തവിധത്തിൽ മാതൃകാപരമായി കോൺഗ്രസ് തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്ന് ഷാനിമോൾ പറഞ്ഞു. സി.പി.എമ്മും ഇടതുപക്ഷവും ആരോപണവിധേയരെ സംരക്ഷിക്കാൻ വലിയ കവചങ്ങൾ തീർക്കുമ്പോഴാണ് കോൺഗ്രസ് 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുത്തത്.

രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നില്ലെന്ന സി.പി.എം ആരോപണത്തിലും ഷാനിമോൾ പ്രതികരിച്ചു. മോശം ആരോപണം ഉയർന്ന സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടുമായി പോകുന്നവരുടെ രാഷ്ട്രീയ ചോദ്യമായാണ് ഇതിനെ കാണുന്നത്. കോൺഗ്രസ് എടുത്ത നടപടി മാതൃകാപരവും അംഗീകരിക്കാവുന്നതുമാണെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയപശ്ചാത്തലം ഉൾപ്പടെ പരിശോധിക്കണമെന്നും ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതെന്നുമാണ് വി.കെ ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രാഹുലിനെതിരെ ഒരു പരാതിയും പൊലീസിന്റെ മുമ്പിൽ നിലവിലില്ല. അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് രാഹുൽ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. തന്നെ ന്യായീകരിച്ച് പ്രവർത്തകർ സമയം കളയേണ്ടതില്ലെന്നതിനാലാണ് പദവി രാജിവെക്കുന്നതെന്ന് രാഹുൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വകവെക്കുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. ഇതിനായി കമീഷൻ രുപീകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം സി.പി.എമ്മിന്റെ രീതികളാണെന്നും തങ്ങൾക്ക് അതില്ലെന്നുമായിരുന്നു വി.കെ. ശ്രീകണ്ഠന്റെ മറുപടി.

കർണാടകയിൽ പ്രജ്വൽ രേവണ്ണയും കേരളത്തിൽ മുകേഷും ആരോപണങ്ങൾ ഉയർന്നപ്പോൾ പദവി രാജിവെച്ചിരുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശനമായ നടപടിയുണ്ടാവുമെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ നഗരസഭ അഭ്യർഥിച്ചിരുന്നു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിഷേധക്കാർ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നതെന്ന് ഡെപ്യൂട്ടി ചെയർമാൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് മുനിസിപ്പൽ സ്റ്റാൻഡിന്‍റെ ഉദ്ഘാടനം നടക്കുന്നത്. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനാണ് ഉദ്ഘാടകൻ. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ സ്ഥലം എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു വിശിഷ്ടാതിഥി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.