രാഹുലിനെതിരെ ആരോപണമുന്നയിച്ചത് സജീവ ബി.ജെ.പി പ്രവർത്തകയായ ട്രാൻസ്ജെൻഡർ യുവതി: ‘ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റിനോട് പറഞ്ഞു, ആരോപണങ്ങൾക്ക് തെളിവൊന്നുമില്ല, തെറ്റാണെങ്കിൽ രാഹുൽ തെളിയിക്കണം’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നത് സജീവ ബി.ജെ.പി പ്രവർത്തകയായ ട്രാൻസ്ജെൻഡർ യുവതി. രാഹുൽ തനിക്ക് അശ്ലീല സന്ദേശമയച്ചതായും ബലാത്സംഗം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് ട്രാൻസ്ജെൻഡർ യുവതി ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ഇന്നലെ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റിനോട് പറഞ്ഞതായും തുടർന്നാണ് തുറന്നുപറയുന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്റെ ​കൈയിൽ യാതൊരു തെളിവുമില്ലെന്നും ആരോപണം തെറ്റാണെങ്കിൽ രാഹുലാണ് തെളിയിക്കേണ്ടതെന്നും വ്യക്തമാക്കി.

‘മൂന്ന്​ വർഷമായി രാഹുലിനെ പരിചയമുണ്ട്​. ആദ്യമൊക്കെ രാത്രി 11ന്​ ശേഷമാണ്​ ഫോണിൽ വിളിച്ചിരുന്നത്​. പിന്നീട്​ നിരന്തരം വിളിക്കാൻ തുടങ്ങി. ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ്​ രാഹുൽ സംസാരിച്ചിരുന്നത്​. രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. സന്ദേശങ്ങളെല്ലാം ലൈംഗിക ചുവയുള്ളവയായിരുന്നു. റിനി ജോർജിന്‍റെ വെളിപ്പെടുത്തലാണ്​ കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് പ്രേരണയായത്​’ -അവർ പറഞ്ഞു.

2021 ഫെബ്രുവരി 28ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ വെച്ചാണ് ആരോപണമുന്നയിച്ചയാൾ അടക്കമുള്ള അഞ്ച് ട്രാൻസ്‌ജെൻഡറുകൾ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. തൃപ്പൂണിത്തുറയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഇത്.  ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി, തങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബിജെപിക്ക് കഴിയും എന്ന് വിശ്വസിക്കുന്നതായി ഇവർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ഇവരുടെ അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.


ട്രാൻസ്ജെൻഡർ യുവതിയുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും പരാതി കിട്ടിയിട്ടില്ലെന്നാണ് കോൺഗ്രസ് പറയുന്നതെന്ന് പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ എതിർ സ്ഥാനാർഥിയായ ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു. ‘പാലക്കാടിന് രാഹുൽ മാങ്കൂട്ടത്തിനെപ്പോലൊരു ജനപ്രതിനിധിയെ ആവശ്യമില്ല. കോൺഗ്രസ് നേതൃത്വം എല്ലാം അറിഞ്ഞിട്ടും ബോധപൂർവം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് കേരളത്തിന് തന്നെ അപമാനമാണ്. വി.ഡി സതീശനും ഷാഫി പറമ്പിലിനും ഉൾപ്പെടെയുള്ളവർക്ക് പരാതി ലഭിച്ചിട്ടും, രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് നേതൃത്വം ഭയക്കുന്നത് എന്തുകൊണ്ടാണ്? ഇതിനർത്ഥം കോൺഗ്രസിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നു എന്നാണ്. ധാർമിക ബോധമുണ്ടെങ്കിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജി വെപ്പിക്കുകയാണ് വേണ്ടത്’ -കൃഷ്ണകുമാർ ആവശ്യ​പ്പെട്ടു. 


Full View

Tags:    
News Summary - Active BJP activist transgender woman avanthika vishnu against Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.