എല്ലാതരം സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി പോരാട്ടം നടന്ന ദേശമാണ് തൃശൂർ. ഇന്ത്യയെയും കേരളത്തെയും മാറ്റിമറിച്ച ആശയങ്ങളുടെയും പോരാട്ടങ്ങളുടെയും മണ്ണാണിത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെല്ലാം വിപ്ലവാത്മക ചിന്തകളും പോരാട്ടങ്ങളുമാണ് തൃശൂരിനെ മാറ്റിമറിച്ചത്. ഗുരുവായൂർ സത്യഗ്രഹം, കുട്ടംകുളം സമരം, മണിമലർക്കാവ് മാറുമറയ്ക്കൽ സമരം തുടങ്ങിയവ നവോത്ഥാന പോരാട്ടങ്ങളിൽ ശ്രദ്ധേയങ്ങളാണ്.
തൃശൂരിന്റെ ഹൃദയഭൂമിയായ 64 ഏക്കർ വിസ്തൃതിയുള്ള തേക്കിൻകാട് മൈതാനി മഹാത്മാ ഗാന്ധിയും നെഹ്റുവും ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിന്റെ നായകരെ എതിരേറ്റ മൈതാനമാണ്. കേരളത്തെ മാറ്റിമറിച്ച വി.ടി. ഭട്ടതിരിപ്പാട്, എം.ആർ.ബി എന്നിവർ കൊളുത്തിവെച്ച നവോത്ഥാന പ്രഭ ആഞ്ഞടിച്ച ജില്ലയാണ് തൃശൂർ.
ഒന്നാം ഇ.എം.എസ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന സി. അച്യുതമേനോന്റെയും പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെയും പി.കെ. ചാത്തൻ മാസ്റ്ററുടെയും ജന്മനാടാണ്. ചേരമാൻ പെരുമാളിന്റെയും വള്ളത്തോളിന്റെയും കുഞ്ഞിക്കുട്ടൻ തമ്പരാന്റെയും മഹത്തായ പൈതൃകമുള്ള മണ്ണ്. മംഗളോദയം പ്രസിദ്ധീകരണശാല ഒരു കാലത്ത് മുണ്ടശ്ശേരിയും ചങ്ങമ്പുഴയും തകഴിയും ബഷീറുമടക്കമുള്ള മഹാരഥന്മാരുടെ സംഗമകേന്ദ്രമായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടത്തിൽ തൃശൂരിൽ കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടിരുന്നില്ല. ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നിടത്തു മാത്രം സമരം മതിയെന്ന തീരുമാനമായിരുന്നു ഇതിനു പിന്നിൽ. തിരുവിതാംകൂറിലും മലബാറിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ശക്തമായതോടെ തൃശൂരിലും അലയൊലികൾ ഉയർന്നു. അങ്ങനെയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം തൃശൂരിൽ രൂപംകൊള്ളുന്നത്.
അഭിഭാഷകനും സോഷ്യലിസ്റ്റും കൊച്ചി പ്രധാനമന്ത്രിയുമായിരുന്ന ഇക്കണ്ടവാര്യരും സഹകരണ പ്രസ്ഥാനത്തിന്റെ കാരണവർ വി.ആർ. കൃഷ്ണൻ എഴുത്തച്ഛനും എസ്. നീലകണ്ഠ അയ്യരും തൃശൂരിൽ കോൺഗ്രസ് ജില്ല കമ്മിറ്റി രൂപവത്കരിച്ചപ്പോൾ ആദ്യ പ്രസിഡന്റായ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമൊക്കെ ചേർന്നാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപവത്കരിച്ചത്. പനമ്പിള്ളി ഗോവിന്ദമേനോനും കെ. കരുണാകരനുമൊക്കെ ആ തലമുറയിലെ പിൻമുറക്കാരാണ്.
പുത്തൻപേട്ട കിഴക്കേ അങ്ങാടിയിലെ പൂവത്തിങ്കൽ സെബാസ്റ്റ്യൻ ആയിരുന്നു ക്രൈസ്തവ സമൂഹത്തിൽനിന്ന് സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്തവരിൽ പ്രധാനി. സെബാസ്റ്റ്യന്റെകൂടി മുൻകൈയിലാണ് 1920ൽ ലോകമാന്യ ബാലഗംഗാധരൻ എന്ന പത്രം ഇറങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ കടുത്ത ഭാഷയിലുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചതോടെയാണ് പത്രം നിലച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.