'സുരേഷ് ഗോപി, നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല..., സ്കൂളിൽ പോലും താങ്കൾ ചരിത്രം പഠിച്ചിട്ടില്ലേ?, പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്ററാണിത്, ബാപ്പുവിന് മുകളിൽ സവർക്കർ'; സുധ മേനോൻ

കോഴിക്കോട്: മ​ഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് മുകളിൽ സവർക്കറുടെ ചിത്രം വെച്ച് സ്വാതന്ത്ര്യ ദിന പോസ്റ്റർ പുറത്തിറക്കിയ പെട്രോളിയം മന്ത്രാലയത്തിന്റെ നടപടിയിൽ വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധമേനോൻ.

ഗാന്ധിഹത്യയിൽ’ പ്രതിയായിരുന്ന സവർക്കറാണ് ഗാന്ധിജിയെക്കാൾ പ്രാധാന്യത്തോടെ പോസ്റ്ററിലുള്ളത്. ബഹുമാന്യനായ സുരേഷ് ഗോപി,  സ്കൂളിൽ പോലും താങ്കൾ ചരിത്രം പഠിച്ചിട്ടില്ലേയെന്നും സുധമേനോൻ വിമർശിച്ചു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്റുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പൊലീസ് ക്രൂരമായി മർദിക്കുമ്പോൾ, ഈ പോസ്റ്ററിൽ കാണുന്ന സവർക്കർ അധ്യക്ഷനായ ഹിന്ദു മഹാസഭ, സാക്ഷാൽ ജിന്നയുടെ മുസ്ലിം ലീഗുമായി ചേർന്ന് സിന്ധിലും  വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും അധികാരം പങ്കിടുകയായിരുന്നു എന്നറിയാമോയെന്നും സുധമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

നിങ്ങൾ ഫോട്ടോ ഒഴിവാക്കിയാലും നെഹ്‌റുവിന്റെ സ്മരണകളെ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ലെന്നും നെഹ്‌റു ഒരുകാലത്തും ഈ മഹാരാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഒറ്റുകൊടുത്തിട്ടില്ല എന്ന് നെഞ്ചിൽ കൈ വെച്ചു കൊണ്ട് പതറാതെ എനിക്ക് പറയാൻ കഴിയും. നിങ്ങളുടെ നേതാക്കളെക്കുറിച്ച് അങ്ങനെ പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോയെന്നും സുധമേനോൻ ചോദിച്ചു.

പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിൽ പങ്കുവെച്ച സ്വാതന്ത്ര്യ ദിന പോസ്റ്ററിനെതിരെ കടുത്ത വിമർശനമാണ് വിവധകോണുകളിൽനിന്ന് ഉയരുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സവർക്കർ നൽകിയ സംഭാവന എന്തായിരുന്നു​വെന്ന് കമന്റ് ചെയ്ത മിക്കവരും ചോദിച്ചു. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

‘ആരായിരുന്നു സവർക്കർ? ബ്രിട്ടീഷുകാരുടെ പെൻഷൻ കൊണ്ട് ജീവിച്ചിരുന്ന ഒരു രാജ്യദ്രോഹിയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തിൽ സവർക്കറെ ഗാന്ധിയേക്കാൾ വലിയവനായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അധിക്ഷേപിക്കുന്നതാണ്’ -യൂത്ത് കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വി പറഞ്ഞു.

സുധ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

"സുരേഷ് ഗോപി സഹമന്ത്രി ആയി ഇരിക്കുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റർ ആണ്. ബാപ്പുവിന് മുകളിൽ സവർക്കർ! ഗാന്ധിഹത്യയിൽ’ പ്രതിയായിരുന്ന സവർക്കർ ആണ് ഗാന്ധിജിയെക്കാൾ പ്രാധാന്യത്തോടെ പോസ്റ്ററിൽ! തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയാൾ... നെഹ്‌റു എവിടെയും ഇല്ല!

നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല... ബഹുമാന്യനായ സുരേഷ് ഗോപിയോട്! സ്കൂളിൽ പോലും താങ്കൾ ചരിത്രം പഠിച്ചിട്ടില്ലേ?

സഹമന്ത്രിയെ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ? ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി മർദ്ദിക്കുമ്പോൾ, ഈ പോസ്റ്ററിൽ കാണുന്ന സവർക്കർ അധ്യക്ഷനായ ഹിന്ദു മഹാസഭ, സാക്ഷാൽ ജിന്നയുടെ മുസ്ലിം ലീഗുമായി ചേർന്ന് സിന്ധിലും, വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും അധികാരം പങ്കിടുകയായിരുന്നു എന്നറിയാമോ? 1943ൽ സിന്ധ് പ്രവിശ്യ പാകിസ്ഥാൻ പ്രമേയം പാസാക്കിയപ്പോഴും, ഒറ്റുകാരായ മഹാസഭ പിന്തുണ പിൻവലിക്കുകയോ രാജിവെക്കുകയോ ചെയ്തില്ല എന്ന് അറിയാമോ?

മാത്രമല്ല,നിങ്ങളുടെ ആരാധ്യ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജി,1941ൽ ബംഗാളിലെ ഫസലുൾ ഹഖ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആയിരുന്നു എന്നറിയാമോ? അതെ,1940ൽ പാകിസ്ഥാന് വേണ്ടിയുള്ള ലീഗിന്റെ ലാഹോർ പ്രമേയം അവതരിപ്പിച്ച സാക്ഷാൽ ഫസലുൾ ഹഖിന്റെ മന്ത്രിസഭയിൽ! സവർക്കറുടെ അന്നത്തെ കത്തുകൾ എല്ലാം ഇപ്പോഴും ആർകൈവുകളിൽ ഉണ്ടെന്നു മറക്കരുത്. ഒറ്റിന്റെ മായാത്ത തെളിവായി!

ബഹുമാന്യനായ മന്ത്രീ, നിങ്ങൾ ഫോട്ടോ ഒഴിവാക്കിയാലും നെഹ്‌റുവിന്റെ സ്മരണകളെ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ല. ജവാഹർലാൽ നെഹ്‌റു ഒരുകാലത്തും ഈ മഹാരാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഒറ്റുകൊടുത്തിട്ടില്ല എന്ന് നെഞ്ചിൽ കൈ വെച്ചു കൊണ്ട് പതറാതെ എനിക്ക് പറയാൻ കഴിയും.. ഓരോ ഇന്ത്യക്കാരനും പറയാൻ കഴിയും.നിങ്ങളുടെ നേതാക്കളെക്കുറിച്ച് അങ്ങനെ പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?"

Tags:    
News Summary - Sudha Menon's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.