ടി. പ്രകാശം ,കെ.പി. കേശവ മേനോൻ ,കെ. മാധവൻ നായർ
1921 ഏപ്രിൽ 23. സ്വാതന്ത്ര്യസമര ചരിത്രവഴിയിൽ ശ്രദ്ധേയമായ ചലനം സൃഷ്ടിച്ച കേരള പ്രദേശ് കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന് ഒറ്റപ്പാലത്ത് തുടക്കംകുറിച്ച ദിവസമായിരുന്നു അത്. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അവിടവിടെ നടക്കുന്നുണ്ടെങ്കിലും, കോൺഗ്രസ് പ്രസ്ഥാനത്തിന് മലബാറിൽ വേരോട്ടമുണ്ടാക്കാൻ ഏറെ സാഹായകമായത് ഈ സമ്മേളനമായിരുന്നെന്നത് ചരിത്രം.
വാഹനസൗകര്യം ഇല്ലാതിരുന്നിട്ടും മുമ്പൊന്നും കണ്ടിട്ടില്ലാത്തത്രയേറെ ജനങ്ങളാണ് അന്നവിടെ തടിച്ചുകൂടിയത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൊയ്തൊഴിഞ്ഞ പാടശേഖരമായിരുന്നു സമ്മേളനവേദി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധക്കനൽ ഊതി തീജ്വാലയാക്കാൻ ഈ സമ്മേളനത്തിന് കഴിഞ്ഞെന്നതും ചരിത്രം.
ഇതേ വർഷം കോഴിക്കോട് ആസ്ഥാനമായി രൂപവത്കരിച്ച കെ.പി.സി.സിയുടെ തീരുമാനമനുസരിച്ചായിരുന്നു മൂന്നു നാൾ നീണ്ട സമ്മേളനം. കൊച്ചി, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങൾ ഉൾപ്പെട്ട പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സാരഥ്യം വഹിച്ചത് കെ. മാധവൻ നായരും (സെക്രട്ടറി) യു. ഗോപാലമേനോനും (ജോ. സെക്രട്ടറി) കെ.വി. കുഞ്ഞുണ്ണിമേനോനും (ഓഫിസ് സെക്രട്ടറി) ആയിരുന്നു.
ഹിന്ദു-മുസ്ലിം നേതാക്കളും കർഷകരും കൂട്ടത്തോടെ കോൺഗ്രസിലേക്ക് തള്ളിക്കയറിയ പ്രദേശങ്ങളായിരുന്നു വള്ളുവനാട്, ഏറനാട് താലൂക്കുകൾ. ദേശീയതയുടെ മുഖ്യധാരയിലേക്ക് ഇവരെ ഒന്നടങ്കം എത്തിക്കാൻ ഗാന്ധിജിയുടെ ആഹ്വാനം ഗുണമായി.
അഭിഭാഷകനും പൗരപ്രമുഖനുമായിരുന്ന പെരുമ്പിലാവിൽ രാമുണ്ണി മേനോനായിരുന്നു ഒറ്റപ്പാലം സമ്മേളനത്തിന്റെ ചുമതല. ഇദ്ദേഹം സെക്രട്ടറിയും എൽ.എൻ. സുബ്ബരാമയ്യർ പ്രസിഡൻറുമായ സ്വാഗതസംഘമാണ് സമ്മേളനം നിയന്ത്രിച്ചിരുന്നത്. 23ന് ഉച്ചക്ക് രണ്ടിന് സമ്മേളനം ആരംഭിച്ചു. ഇതിനും രണ്ടു ദിവസം മുമ്പ് സമ്മേളനനഗരിയിലേക്ക് സ്വാതന്ത്ര്യം സ്വപ്നംകണ്ടിരുന്നവരുടെ പ്രവാഹം തുടങ്ങിയിരുന്നു.
ഗാന്ധിജിയുടെയും മറ്റു ദേശീയനേതാക്കളുടെയും പുസ്തകങ്ങളും അവരുടെ ഛായാചിത്രങ്ങളും പന്തലിൽ പ്രദർശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ മണത്തറിഞ്ഞ മലബാർ ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് ഒറ്റപ്പാലത്തെ നിരീക്ഷണ ചുമതല സ്വയം ഏറ്റെടുത്തു. വൻ പൊലീസ് സന്നാഹവും ഒറ്റപ്പാലത്ത് തമ്പടിച്ചു. പൊതുസമ്മേളനങ്ങളിൽ നമ്പൂതിരിമാർ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന സമുദായ വിലക്ക് ലംഘിച്ച് ഉണ്ണി നമ്പൂതിരിമാർ പങ്കെടുത്ത സമ്മേളനമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.
ആന്ധ്ര കേസരി എന്നറിയപ്പെട്ടിരുന്ന ടി. പ്രകാശം ആയിരുന്നു സമ്മേളന അധ്യക്ഷൻ. പാലിയത്ത് കുഞ്ഞുണ്ണി അച്ഛൻ, കെ.പി. കേശവമേനോൻ, ബാരിസ്റ്റർ എ.കെ. പിള്ള, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, പാലിയത്ത് രാമൻ മേനോൻ, സെയ്ത് മുഹമ്മദ് മൗലവി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. സ്ത്രീകൾ അവരണിഞ്ഞിരുന്ന ആഭരണങ്ങൾ തിലക് സ്വരാജിലേക്കു സംഭാവന നൽകി.
അഭിഭാഷകരോടു കോടതികളും വിദ്യാർഥികളോട് ബ്രിട്ടീഷുകാരുടെ കലാലയങ്ങളും പൊതുവായി വിദേശ വസ്ത്രങ്ങളും ബഹിഷ്കരിക്കാനായിരുന്നു നേതാക്കളുടെ ആഹ്വാനം. കെ.പി.സി.സി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത കെ.പി. കേശവ മേനോനാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.
26ന് രാവിലെ ‘ഇൻഡിപെൻഡന്റ്’ പത്രാധിപർ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ വിദ്യാലയ ബഹിഷ്കരണം മുഖ്യ വിഷയമായി. എല്ലാ ജനവിഭാഗങ്ങളെയും സമ്മേളനപ്പന്തലിൽ ഒരുമിച്ചുകണ്ടതോടെ ബ്രിട്ടീഷ് പൊലീസിനുണ്ടായ രോഷം ടൗണിൽ നടന്ന നരനായാട്ടിൽ കൊണ്ടെത്തിച്ചു. ജനങ്ങൾക്കുനേരെ മർദനം അഴിച്ചുവിട്ടാണ് പൊലീസ് പകതീർത്തത്.
പിൽക്കാലത്ത് അറിയപ്പെട്ട പലനേതാക്കളും അന്ന് പൊലീസിന്റെ നരനായാട്ടിന് ഇരകളായി. വളന്റിയർ ക്യാപ്റ്റനായിരുന്ന വി.ടി. ഭട്ടതിരിപ്പാടിനെ എറിഞ്ഞുവീഴ്ത്തി ഇരുമ്പുവടികൊണ്ടടിച്ചു പരിക്കേൽപ്പിച്ചതുൾപ്പെടെ നിരവധി അത്യാഹിതങ്ങളാണ് അരങ്ങേറിയത്.
ദേശീയ പ്രസ്ഥാനത്തിലേക്ക് വി.ടി കാലെടുത്തുവെച്ചത് ഒറ്റപ്പാലം സമ്മേളനത്തിൽനിന്നുൾക്കൊണ്ട ഊർജത്തിന്റെ പിൻബലത്താലായിരുന്നു. മലയാളത്തിന് സ്വന്തമായി കേരള പ്രൊവിൻസ് കോൺഗ്രസിന് രൂപംകൊണ്ടത് ഈ സമ്മേളനത്തെ തുടർന്നായിരുന്നു. കേരളത്തിലെ ആദ്യ സമ്പൂർണ സമ്മേളനമായിരുന്നു ഒറ്റപ്പാലത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.