വി.ആര്. കൃഷ്ണന് എഴുത്തച്ഛന്
കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഗാന്ധിയന്‍ മാര്‍ഗമായിരിക്കണമെന്ന് വിശ്വസിക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ സ്വന്തം ജീവിതംതന്നെ മാറ്റിവെക്കുകയുംചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു വി.ആര്. കൃഷ്ണനെഴുത്തച്ഛന്റേത്. ഇന്ത്യയില്‍ അലയടിച്ച സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്ക്ക് കേരളത്തില്‍ വേദിയൊരുക്കിയത് വി.ആര്. കൃഷ്ണനെഴുത്തച്ഛന്‍ ഉള്‍പ്പെടെ സ്വാതന്ത്ര്യദാഹികളായ യുവാക്കളായിരുന്നു.
ഖദറിന്റെ ഉപയോഗത്തിലൂടെ ഇന്ത്യന്‍ ഉൽപന്നങ്ങള് ഉപയോഗിക്കാനും വിദേശവസ്തുക്കള്‍ ഒഴിവാക്കാനും ഗാന്ധിജി ആഹ്വാനംചെയ്തതോടെ വിദ്യാർഥിയായ കൃഷ്ണനും ഖാദിയിലേക്കു മടങ്ങി. അധ്യാപകനായ രാഘവമേനോനായിരുന്നു മാതൃക. അന്ന് ഒല്ലൂര്‍ അങ്ങാടിയിലൂടെ ഖദര്‍ ധരിച്ച് സ്കൂളിലേക്കു പോകുന്ന ധിക്കാരിയായ യുവാവാണ് പിന്നീട് ഗന്ധിജിയുടെ പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും സമരാനന്തര കാലഘട്ടത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വി.ആര് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട വി.ആര്. കൃഷ്ണനെഴുത്തച്ഛന്‍.
ഖദര്പോലെതന്നെയായിരുന്നു അദ്ദേഹത്തിന് ഗാന്ധിജിയുടെ എഴുത്തും പ്രസംഗങ്ങളുമെല്ലാം. വായനയിലൂടെ അറിവ് നേടുന്നതിനൊപ്പം സ്വാതന്ത്ര്യസമര ഗതിവിഗതികള്‍ അറിയാനും വേണ്ടി കൂട്ടുകാരെ കൂട്ടി വായന ക്ലബ് തന്നെ രൂപവത്കരിച്ചു.
ക്ലബിലുള്ളവരില്നിന്ന് നാലണ വീതം പിരിച്ച് ഈ സംഖ്യക്ക് പുസ്തകം വാങ്ങി അംഗങ്ങള്‍ക്കെല്ലാം വായിക്കാന്‍ നല്‍കുന്നതായിരുന്നു രീതി. അങ്ങനെ മദ്രാസിലെ ജി.എ. നടേശന് ആൻഡ് കമ്പനി പ്രസിദ്ധീകരിക്കുന്ന മഹത് വ്യക്തികളുടെ ജിവിതചരിത്രം വാങ്ങി വായിക്കുകയും വായന ക്ലബിലുള്ളവര്ക്ക് വായിക്കാന്‍ നല്‍കുകയും ചെയ്തിരുന്നു.
തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് വിദ്യാർഥി സംഘടന രൂപവത്കരിച്ച് യുവജനങ്ങളെ സ്വാതന്ത്ര്യസമരാവേശത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നല്കി. ആ കാലഘട്ടത്തില്‍ തൃശൂർ പട്ടണം ചുറ്റി വെള്ളിയാഴ്ചതോറും സംഘടിപ്പിച്ച തക്ലിയാത്രയും അതില്‍ ആലപിച്ചിരുന്ന കവിതകളും ഒരു കാലഘട്ടത്തിലെ ജനങ്ങളെ മുഴുവന്‍ ആവേശംകൊള്ളിക്കുന്നവയായിരുന്നു.
കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു കോഴിക്കോടിന്റേത്. അന്ന് സൈമണ്‍ കമീഷനെതിരെ കോഴിക്കോട്ട് നടന്ന സമരത്തില്‍ പങ്കെടുക്കുന്നതിന് അവിടെ എത്തി. ഗാന്ധിയന്‍ ചിന്താധാരയുടെ ഭാഗമായി വായനയുടെയും എഴുത്തിന്റെയും വലിയ ഒരു ജാലകം തുറന്നിടേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് പത്രപ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങിത്തിരിച്ചതും ചരിത്രം.
സാമ്പത്തികനേട്ടം ലക്ഷ്യംവെക്കാതെ സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള പത്രപ്രവര്‍ത്തനം എന്ന ആശയത്തിന് അധികം ആയുസ്സുണ്ടായില്ല. നവദീപം, ഗ്രാമക്ഷേമം, ദീനബന്ധു, കര്ഷകന് എന്നീ പ്രസിദ്ധീകരണങ്ങള്‍ സ്വന്തം പത്രാധിപത്യത്തില്‍ തുടങ്ങിയെങ്കിലും സന്ധിയില്ലാത്ത എഴുത്തിന് അധികം ആയുസ്സ് നല്‍കിയില്ല. കാര്‍ഷികരംഗത്തും സഹകരണ മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.