1)ഉഴുന്നുവടയിൽ പി.എസ്.സി സെക്രട്ടറിക്ക് ലഭിച്ച ലോഹ തകിട് 2) സെക്രട്ടറിക്കെതിരെ പി.എസ്.സി ആസ്ഥാനത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
തിരുവനന്തപുരം: കാന്റീൻ നടത്തിപ്പിനെ ചൊല്ലി കേരള പബ്ലിക് സർവീസ് കമീഷൻ ആസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ തമ്മിൽ ‘ആഭ്യന്തരകലാപം’. കാന്റീനിൽ നിന്ന് പി.എസ്.സി സെക്രട്ടറിയുടെ ഓഫീസിലേക്ക് വിതരണം ചെയ്ത ഉഴുന്നു വടയിൽ കൂടോത്രമെന്ന് സംശയിക്കുന്ന ലോഹ തകിടും ജീവനക്കാർക്ക് ഉച്ചയൂണിനൊപ്പം നൽകിയ രസത്തിൽ പാറ്റയും പ്രഭാത ഭക്ഷണത്തിനൊപ്പം നൽകിയ ചായയിൽ പാറ്റയുടെ കാലും കണ്ടെത്തിയതോടെയാണ് ഓഫീസ് വളപ്പിലും സമൂഹമാധ്യമങ്ങളിലും സംഘടനകൾ തമ്മിലുള്ള ‘അടി’ രൂക്ഷമായത്.
കാന്റീൻ പ്രവർത്തനത്തെ പി.എസ്.സി സെക്രട്ടറി സാജു ജോർജ് കുത്സിത പ്രവർത്തനങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കാന്റീനിന്റെ ചുമതലയുള്ള ഇടത് സർവീസ് സംഘടനയായ പി.എസ്.സി എംപ്ലോയീസ് യൂനിയൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. ഇതിനെതിരെ സെക്രട്ടറിയുടെ ഓഫീസ് രംഗത്തെത്തി. വടയിൽ നിന്ന് ലഭിച്ച ലോഹ തകിടും വട പൊതിഞ്ഞുകൊണ്ടുവന്ന പേപ്പറും ഫോറൻസിക് പരിശോധനക്ക് ഹാജരാക്കാൻ തയാറാണെന്ന് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. സെക്രട്ടറിക്ക് പിന്തുണയുമായി കോൺഗ്രസ് സർവീസ് സംഘടനയായ പി.എസ്.സി എംപ്ലോയീസ് അസോസിയേഷനും രംഗത്തെത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ തലപുകക്കുകയാണ് ചെയർമാൻ എം.ആർ. ബൈജുവും 19 പി.എസ്.സി അംഗങ്ങളും.
ജൂലൈ 16ന് രാവിലെ 11ന് പി.എസ്.സി സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ആഭ്യന്തര ഓഡിറ്റിങ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലേക്ക് കാന്റീനിൽ നിന്ന് നൽകിയ ഉഴുന്ന് വടയിലാണ് ലോഹ കഷ്ണം കണ്ടെത്തിയത്. തനിക്കെതിരെ ജീവനക്കാരിൽ ചിലർ നൽകിയ ‘പണി’യാണെന്ന് സംശയമുള്ളതിനാൽ പി.എസ്.സി ചെയർമാന് മുന്നിൽ സെക്രട്ടറി ലോഹ കഷ്ണം ഹാജരാക്കി. സെക്രട്ടറിയുടെ പരാതിയിൽ കാന്റിൻ സെക്രട്ടറിയും ഇടത് നേതാവുമായ ഡി.എസ് ബിനുവിനെ ചെയർമാൻ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ 18ന് കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ രസത്തിൽ രണ്ടു ജീവനക്കാർക്ക് പാറ്റയും കഴിഞ്ഞ ദിവസം ചായയിൽ നിന്ന് പാറ്റയുടെ കാലും കിട്ടി. ഇവയുടെ ചിത്രങ്ങളും വിവരവും ജീവനക്കാരും മുൻ പി.എസ്.സി ജീവനക്കാരും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചതോടെയാണ് സംഭവം പരസ്യമായത്.
ഗവർണറാൽ നിയമിതനായ പി.എസ്.സിയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫ്ലക്സ് വെച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.