തിരുവനന്തപുരം: മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ സംബന്ധിച്ച വിവാദം കെട്ടടങ്ങുംമുമ്പ് മരണാനന്തര അവയവദാനത്തിനുള്ള കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) പരാജയമെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ നെഫ്രോളജി മേധാവി ഡോ. മോഹൻദാസ്. മെഡിക്കൽ കോളജിലെ മുൻ നെഫ്രോളജി മേധാവി ഡോ. വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഡോ. മോഹൻദാസിന്റെ ഗുരുതര ആക്ഷേപം. കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രീഷ്യസിനെതിരെയും പോസ്റ്റിൽ പരാമർശമുണ്ട്.
ഡോ. വേണുഗോപാലും ഡോ. രാംദാസ് പിഷാരടിയുമാണ് മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന മൃതസഞ്ജീവനി അഥവ നിലവിലെ കെ-സോട്ടോ ജനകീയമാക്കിയതെന്ന് അദ്ദേഹം കുറിച്ചു. 2017ൽ ഡോ. രാംദാസിന്റെ മരണശേഷം വിരലിലെണ്ണാവുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്. കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ജോലി നോക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ മരണാനന്തര അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയം വിവാദമായതോടെ ഡോ. മോഹൻദാസ് പോസ്റ്റ് പിൻവലിച്ചു. അതേസമയം സംഭവത്തിൽ മോഹൻദാസിന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കാരണംകാണിക്കൽ നോട്ടീസ് നൽകി.
ആരോപണം അടിസ്ഥാന രഹിതമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനെതിരെ (കെ- സോട്ടോ) മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ ശരിയല്ലെന്നും തെറ്റിദ്ധാരണ നിറഞ്ഞതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്.എസ്. നോബിൾ ഗ്രേഷ്യസ് അറിയിച്ചു. സംസ്ഥാനത്ത് അവയവദാനത്തിലും അവയവ മാറ്റിവെക്കൽ രംഗത്തും നിർണായക പങ്ക് വഹിക്കുന്ന സർക്കാർ സ്ഥാപനമാണ് കെ-സോട്ടോ. ഇതിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.