തൃശൂർ: ഓണക്കാലത്ത് സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് നടത്തിയാൽ കെ.എസ്.ആർ.ടി.സിയെ വെച്ച് നേരിടുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ 500 ബസുകൾ അധികമായുണ്ട്. ഡ്രൈവറെ വെച്ച് ഡീസലും അടിച്ച് വണ്ടി നിരത്തിൽ ഇറക്കിയാൽ മതിയെന്ന് മന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സമരം ചെയ്യുകയാണെങ്കിൽ ഈ വണ്ടികൾ മുഴുവൻ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് ഇടിച്ചും മറ്റും വർക്ഷോപ്പിൽ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ വാങ്ങിയ വണ്ടികൾ കൂടാതെ ഇത്രയും വണ്ടികൾ സ്പെയർ ഉണ്ട്. അവർ സമരം ചെയ്താൽ അതിങ്ങ് ഇറക്കും -മന്ത്രി പറഞ്ഞു.
വിദ്യാർഥി കൺസഷൻ വർധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലായിരുന്നു അവർ. ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു. അവരുമായും കുട്ടികളുമായും ട്രാൻസ്പോർട്ട് സെക്രട്ടറി ചർച്ച നടത്തിയതാണ്. ആ ചർച്ചയിൽ കുട്ടികൾ സമവായത്തിന് തയാറായില്ല. എല്ലാവർക്കും വിദ്യാർഥി കൺസെഷൻ നൽകണമെന്ന നിലപാട് ഇല്ല. വിദ്യാർഥി കൺസെഷന് ഈ ആഴ്ച മോട്ടോർ വെഹിക്കിൾ ആപ്പ് പുറത്തിറക്കും. ഈ ആപ്പിലൂടെ അപേക്ഷിക്കണം. ആർ.ടി.ഒമാർ പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ അടിപ്പാത നിർമാണം ഒരു മുൻ കരുതലും എടുക്കാതെയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തീർത്തും അശാസ്ത്രീയമായാണ് പ്രവൃത്തി നടക്കുന്നത്. വെറുതെ പൊളിച്ചിടുകയാണ്. പാലക്കാടും തൃശൂരും എല്ലാം ഇതേ അവസ്ഥയുണ്ട്.
കുഴിയും ബ്ലോക്കും മൂലം ബസുകൾക്ക് അടക്കം വൻ നഷ്ടം ഉണ്ടാകുന്നുണ്ട്. ഒരു കുഴി കടന്നുപോകാൻ 20-25 സെക്കൻഡ് എടുക്കും. ഇന്ധനച്ചെലവിനൊപ്പം അറ്റകുറ്റപ്പണികളും കൂടുന്നു. യാത്രക്കാർക്കും ദുരിതമാണ്.
കൊച്ചി മെട്രോ പണിത സമയത്ത് എറണാകുളത്ത് നടപ്പാക്കിയ ഒറ്റവരിപ്പാത രീതിയാണ് ദേശീയപാതയിലും വേണ്ടത്. കലൂർ അടക്കം തിരക്കേറിയ ഭാഗത്ത് പോലും അന്ന് കാര്യമായ കുരുക്ക് ഉണ്ടായിരുന്നില്ല. ടോൾ നിർത്തിവെപ്പിച്ച ഹൈകോടതി നടപടി സ്വാഗതാർഹമാണ്. ദേശീയപാതക്കാരോട് ഇടപെടാൻ തടസ്സമൊന്നുമില്ല. പാലക്കാട് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്ന് ദിവസത്തിനകം പണം അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ കുഴപ്പം കൊണ്ട് ഇപ്പോഴും പണി പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.