എ.ഐ ചിത്രം
കൊച്ചി: അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23,24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അതിവേഗം കുതിക്കുന്ന ഏവിയേഷൻ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കരട് ഏവിയേഷൻ നയം തയ്യാറാക്കിയിരുന്നു. ഏവിയേഷൻ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.
23 ന് രാവിലെ ഒൻപതരയ്ക്ക് സമ്മേളനത്തിന് തുടക്കമാകും. സിയാൽ എം ഡി എസ് സുഹാസ് ആമുഖ പ്രസംഗം നടത്തും. രാവിലെ പത്ത് മണിക്ക് എയർ സ്‌പേസിലേക്ക് ഡ്രോണുകളും ഡ്രൈവർ രഹിത വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പാനൽ ചർച്ച നടക്കും. അർബൻ എയർ ടാക്‌സി സാധ്യതകൾ, ഡ്രോൺ ഉപയോഗം സംബന്ധിച്ച നയരൂപീകരണം, സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവ ചർച്ചയാകും.
11 മണിക്ക് ഇന്ത്യയിലെ ഗതാഗത മേഖലയിൽ സീപ്ലെയിൻ, ഹെലികോപ്റ്റർ സാധ്യതകൾ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രാദേശിക കണക്റ്റിവിറ്റി സംബന്ധിച്ചും ലാസ്റ്റ് മൈൽ എയർ കണക്റ്റിവിറ്റിയും വിഷയമാകും. മൾട്ടിമോഡൽ ടെർമിനൽ, ഫ്‌ളോട്ടിങ് ജെട്ടി, വെർട്ടിപോർട്ട്സ്, ഹെലിപോർട്ട്സ് വാട്ടർ എയ്‌റോഡ്രോം എന്നിവയുടെ സാദ്ധ്യതകൾ ചർച്ച ചെയ്യും. തീർഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലികോപ്പ്റ്റർ, സീപ്ലെയ്ൻ സാധ്യതകളും ഈ സെഷനിൽ ചർച്ചയാകും.
12 ന് വ്യോമഗതാഗതത്തിന്റെ ഭാവി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ബയോമെട്രിക്, പേപ്പർലെസ് ചെക്ക് ഇൻ, ഡിജിറ്റൽ വാലറ്റ്, നിർമിതബുദ്ധി അധിഷ്ഠിതമായ പാസഞ്ചർ സേവനങ്ങൾ എന്നിവ ചർച്ച ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈവിധ്യമാർഗങ്ങളിലൂടെ വരുമാനം എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് കുറിച്ചും പ്രാദേശിക വിമാനത്താവളങ്ങളുടെ സാധ്യതയും വിഷയമാകും. വൈകിട്ട് മൂന്നിന് നടക്കുന്ന പാനൽ ചർച്ചയിൽ കാർഗോ ടെർമിനൽ വികസനവും കാർഗോ ട്രാക്കിങ്ങിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്യും. നാല് മണിക്ക് നടക്കുന്ന പാനൽ ചർച്ചയിൽ പുനരുപയോഗ ഊർജം, എയർപോർട്ട് ഇക്കോ സിസ്റ്റം മാനേജ്‌മെന്റ് എന്നിവ ചർച്ച ചെയ്യും.
വൈകിട്ട് 5.30 നു നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏവിയേഷൻ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. സിയാൽ എം ഡി എസ് .സുഹാസ് പങ്കെടുക്കും.
രണ്ടാം ദിവസം രാവിലെ പത്തിന് നടക്കുന്ന പാനൽ ചർച്ചയിൽ ടൂറിസവും ഏവിയേഷനും സംബന്ധിച്ച പാനൽ ചർച്ചയിൽ വാണിജ്യ സാദ്ധ്യതകൾ സംബന്ധിച്ച ചർച്ചകൾ നടക്കും. 11 മണിക്ക് എയർ കാർഗോ ലോജിസ്റ്റിക്സ്, നൂതനത്വം, ഭാവി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.
ഉച്ചയ്ക്ക് 12 നു നടക്കുന്ന സമാപന സമ്മേളനംകൊച്ചി മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. സിയാൽ എം ഡി എസ് സുഹാസ്, എയർപോർട്ട് ഡയറക്റ്റർ ജി മനു എന്നിവർ പങ്കെടുക്കും.
കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബായി മാറ്റുക, ഡ്രോണുകൾ, ഡിജിറ്റൽ എയർ ട്രാവൽ, എം ആർ ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാക എന്നിവയാണ് ഏവിയേഷൻ സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്.
0484 എയ്റോ ലോഞ്ചിൽ നടന്ന വാർത്താ സമ്മേളനത്തിൽ എയർപോർട്ട് ഡയറക്ടർ ജി മനു, കൊമേഴ്സ്യൽ വിഭാഗം മേധാവി മനോജ് ജോസഫ്, സിയാൽ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി പി എസ് ജയൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു, ടൂറിസം സബ് കമ്മിറ്റി ചെയർ യു സി റിയാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.